ചെന്നൈ ∙ ദലിത് വിഭാഗക്കാർക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രം തമിഴ്നാട് സർക്കാർ അടച്ചു പൂട്ടി. പലതവണ നടത്തിയ സമാധാന ചർച്ചകൾ ഫലം കാണാത്തതിനെ തുടർന്നാണു വില്ലുപുരം ജില്ലയിലെ കോലിയന്നൂർ ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം പൂട്ടി പൊലീസ് കാവലേർപ്പെടുത്തിയത്.
ദലിത് വിഭാഗവും വണ്ണിയാർ സമുദായവും തമ്മിലുള്ള തർക്കമാണു കാരണം. ദലിതരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പ്രദേശത്തെ വണ്ണിയാർ വിഭാഗക്കാർ വിസമ്മതിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ജില്ലാ ഭരണകൂടം 7 റൗണ്ട് ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ധർമ്മരാജ ദ്രൗപതി അമ്മൻ ക്ഷേത്രം തങ്ങളുടെ 'കുലക്ഷേത്രം' ആണെന്നും തലമുറകളായി സമുദായാംഗങ്ങൾ മാത്രം ആരാധിക്കുന്ന ദേവതയാണെന്നും വണ്ണിയർ വിഭാഗം അവകാശപ്പെടുന്നു.
ക്ഷേത്രം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ (ദേവസ്വം) നിയന്ത്രണത്തിലല്ലാത്തതിനാൽ സർക്കാർ ഇടപെടൽ അനുവദിക്കില്ലെന്നും വണ്ണിയാർ വിഭാഗം വാദിച്ചു. എന്നാൽ, കഴിഞ്ഞ 45 വർഷമായി ക്ഷേത്രം തമിഴ്നാട് ദേവസ്വത്തിനു കീഴിലാണെന്നും സർക്കാർ വ്യക്തമാക്കി.
തുടർന്നാണ് ഇന്നലെ പുലർച്ചെ വില്ലുപുരം ആർഡിഒ ക്ഷേത്രം സീൽ ചെയ്തത്. നോർത്ത് സോൺ ഐജിയുടെ നേതൃത്വത്തിൽ 2000 പൊലീസുകാരുടെ കാവലിലാണു പ്രദേശം.