ചെന്നൈ ∙ അധ്യാപകരെ മികവിന്റെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ബൃഹദ് പരിശീലന പരിപാടിയുമായി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. പ്രൈമറി സ്കൂൾ, മിഡിൽ സ്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന 6,000 അധ്യാപകർക്കാണ് 2 ഘട്ടങ്ങളിലായി പരിശീലനം നൽകുക. പഠന വിഷയങ്ങളിലും അധ്യാപന അറിവ് വർധിപ്പിക്കുന്നതിനും നൈപുണ്യം മെച്ചപ്പെടുത്താനുമാണ് പരിശീലനം .
വാർത്തെടുക്കും 'സ്കിൽഡ്' അധ്യാപകരെ
പ്രഥമാധ്യാപകർക്കും അധ്യാപകർക്കുമാണ് പരിശീലനം. പ്രഥമാധ്യാപകരുടെ ഭരണ നിർവഹണ ശേഷിയും അധ്യാപന മികവും ഉയർത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്. പ്രഥമാധ്യാപകർക്ക് ഇവ രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാനാണ് പരിശീലനം. അധ്യാപകർക്ക് കുട്ടികൾക്കു പാഠ്യവിഷയങ്ങൾ മികച്ച രീതിയിൽ പഠിപ്പിക്കാനുള്ള പരിശീലനമാണു നൽകുക. മുതിർന്ന അധ്യാപകരിൽ നിന്നു തിരഞ്ഞെടുക്കുന്നവരെ പരിശീലനത്തിനു നിയോഗിക്കും.
20, 21, ഒക്ടോബർ 3, 4 തീയതികളിലാണു പരിശീലനം. ഭക്ഷണ, താമസ സൗകര്യങ്ങൾ ലഭ്യമാക്കും. 10 കോടി രൂപ പരിശീലനത്തിന് നീക്കിവച്ചിട്ടുള്ളത്. സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ്ങും (എസ്‌സിഇആർടി) അസിം പ്രേംജി യൂണിവേഴ്സിറ്റിയും ചേർന്നാണു പരിശീലനം സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായാണ് അധ്യാപകർക്കായി ബൃഹദ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എണ്ണും എഴുത്തും പദ്ധതി പോലെ, സർക്കാർ സ്കൂൾ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കുന്നതിന് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നാണു വിലയിരുത്തൽ.