ചെന്നൈ ∙ വൈദ്യുതി മീറ്റർ തകരാർ കാരണം അമിത തുക ബില്ലായി വരുന്ന പ്രശ്നത്തിനു പരിഹാരവുമായി ടാൻജെഡ്കോയുടെ പുതിയ നിയമ ഭേദഗതി. മീറ്റർ കേടായതു മൂലം റീഡിങ് എടുക്കാൻ സാധിക്കാത്ത വീടുകളിൽ കോമൺ മീറ്റർ റീഡിങ് ഉപകരണം (സിഎംആർഐ) ഉപയോഗിച്ച്, മീറ്ററിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടിലേക്കുള്ള വൈദ്യുതി വിതരണം കണ്ടെത്തി ബിൽ തയാറാക്കും.
മീറ്റർ തകരാറിലായ വീടുകളിൽ കഴിഞ്ഞ 12 മാസത്തെ ഉയർന്ന വൈദ്യുതി ഉപയോഗത്തിന്റെ 4 മാസത്തെ ശരാശരി എടുത്താണ് നിലവിൽ ബിൽ തയാറാക്കുന്നത്. ഇതു മൂലം വലിയ സാമ്പത്തിക ബാധ്യതയാണ് ഉപയോക്താക്കൾ നേരിടുന്നത്. ഇതിനു പുറമേ, വൈദ്യുതി ബന്ധം വിഛേദിക്കുന്നതിനു മുൻപ് ഇക്കാര്യം ഉപയോക്താക്കളെ നേരിട്ട് അറിയിക്കുന്ന സംവിധാനം ആരംഭിക്കാനും ടാൻജെഡ്കോ തീരുമാനിച്ചു
മീറ്റർ കണ്ട് ഇനി ടെൻഷനടിക്കണ്ട
കേടായ മീറ്ററുകൾ കാരണം ഉപയോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്കാണ് സപ്ലൈ കോഡ് ഭേദഗതി ചെയ്യുന്നതിലൂടെ അറുതിയാകുന്നത്. മീറ്ററിൽ നിന്നുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്യുകയും അവ വിശകലനം ചെയ്ത് വീട്ടിലേക്കു വിതരണം ചെയ്ത വൈദ്യുതിയെ അടിസ്ഥാനമാക്കി തുക നിശ്ചയിക്കുകയും ചെയ്യും. വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനാകുന്നില്ലെങ്കിൽ മീറ്റർ പ്രവർത്തിച്ച കാലയളവിലെ അവസാന 4 മാസങ്ങളിൽ വിതരണം ചെയ്ത വൈദ്യുതിയുടെ ശരാശരി എടുക്കും.
അതേസമയം, മീറ്റർ തകരാറിലാകുകയോ ഉപയോഗത്തിനനുസൃതമല്ല തുക ഈടാക്കുന്നതെന്നു സംശയം തോന്നുകയോ ചെയ്താൽ മീറ്റർ പരിശോധിക്കാൻ ടാൻജെഡ്കോയ്ക്ക് അപേക്ഷ നൽകാം. പരിശോധനാ ഫലത്തിൽ തൃപ്തിയില്ലെങ്കിൽ വീണ്ടും പരിശോധിപ്പിക്കാം. ഇതിനുള്ള ചെലവ് ഉപയോക്താവ് തന്നെ വഹിക്കണം. അതേസമയം, ഉപയോക്താവിന് അനുകൂലമായാണു ഫലം വരുന്നതെങ്കിൽ ചെലവുകൾ ടാൻജെഡ്കോ വഹിക്കും.
ഫ്യൂസ് ഊരും മുൻപ് അറിയിപ്പ്
ബിൽ അടയ്ക്കാത്തതിനോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം വിഛേദിക്കേണ്ടി വന്നാൽ അക്കാര്യം ഉപയോക്താക്കളെ എസ്എംഎസ്, ഇമെയിൽ എന്നിവ വഴി മുൻകൂട്ടി അറിയിക്കും. ബിൽ തുക അടച്ചു കഴിഞ്ഞാൽ 6 മണിക്കൂറിനകം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും. പുതിയ ബിൽ തുകയെക്കുറിച്ചും അടയ്ക്കാനുള്ള മുന്നറിയിപ്പും മാത്രമാണ് നിലവിൽ എസ്എംഎസ്, ഇമെയിൽ എന്നിവ വഴി ഉപയോക്താക്കളെ അറിയിക്കുന്നത്.
കൗണ്ടറിൽ 1,000 രൂപ വരെ മാത്രം
വൈദ്യുതി ബിൽ തുക 1,000 രൂപയിൽ കൂടുതലാണെങ്കിൽ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കില്ല. പകരം ഓൺലൈൻ, ഡിഡി, ചെക്ക് എന്നിവ വഴി അടയ്ക്കണം. നിലവിൽ 5,000 രൂപ വരെയാണ് കൗണ്ടറിൽ സ്വീകരിക്കുന്ന പരമാവധി തുക. അതേപോലെ, അനുവദനീയമായ ലോഡിൽ കൂടുതൽ വൈദ്യുതി ഒരു വർഷം 3 തവണയിലേറെ ഉപയോഗിച്ചാൽ കൂടുതൽ ഉപയോഗിച്ച ലോഡിലേക്ക് പരമാവധി ലോഡ് മാറ്റും. ഡവലപ്മെന്റ് നിരക്ക് എന്ന പേരിൽ ഈടാക്കുന്ന തുകയും ഇതിനനുസരിച്ച് വർധിക്കും.