ADVERTISEMENT

ചെന്നൈ ∙ മാംസാഹാര പ്രിയരുടെ ഇഷ്ട ഭക്ഷണമായ ഷവർമ സംസ്ഥാനത്ത് വീണ്ടും ഒരു ജീവൻ കൂടി അപഹരിച്ചതോടെ, അനാരോഗ്യകരമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്ന ഭക്ഷണശാലകൾക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധനകളിൽ ഒട്ടേറെ കടകളിൽ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുക്കുകയും ഇത്തരം കടകൾക്കെതിരെ നിയമ നടപടി ആരംഭിക്കുകയും ചെയ്തു.

നാമക്കലിലെ കടയിൽ നിന്ന് ഷവർമ കഴിച്ച 14 വയസ്സുകാരി മരിക്കുകയും നാൽപതിലേറെപ്പേർക്ക് ഭക്ഷ്യ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണു കടുത്ത നടപടിയുമായി ഭക്ഷ്യ, ആരോഗ്യ വകുപ്പുകൾ രംഗത്തെത്തിയത്. വിഷബാധയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ കടയുടമ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ അരിയല്ലൂരിലെ ഭക്ഷണശാലയിൽ നിന്ന് 55 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. വൃത്തിഹീനമായ നിലയിൽ ഭക്ഷണം തയാറാക്കിയതിന് ഒട്ടേറെ കടകൾക്കു പിഴയിട്ടു. ഇവിടങ്ങളിൽ നിന്നു ശേഖരിച്ച സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. പഴകിയ ഭക്ഷ്യോൽപന്നങ്ങൾ കണ്ടെത്തിയ കടകൾക്കു നോട്ടിസ് നൽകി. ഷവർമ പോലുള്ള ഭക്ഷണങ്ങൾ വൃത്തിയോടെയും സുരക്ഷിതവുമായി തയാറാക്കാനുള്ള മാർഗ നിർദേശങ്ങൾ ഭക്ഷ്യ സുരക്ഷാ കമ്മിഷണർ പുറത്തിറക്കി.

വേവാത്ത മാംസവും മയൊണൈസും പ്രശ്നം

പഴകിയ മാംസം മാത്രമല്ല; നന്നായി വേവാത്ത മാംസവും പ്രശ്നമുണ്ടാക്കാം. ഷവർമ തയാറാക്കുമ്പോൾ ഉള്ളിലെ മാംസഭാഗങ്ങൾ വെന്തെന്ന് ഉറപ്പാക്കണം. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരുകയും അതു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണു ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണം. തലേന്നത്തെ മാംസം വീണ്ടും വേവിക്കാതെ ഉപയോഗിക്കുന്നതും പ്രശ്നമാണ്.

ഷവർമയോടൊപ്പം കഴിക്കുന്ന മയൊണൈസും വിഷബാധയ്ക്കു കാരണമായേക്കാം. മുട്ട ചേർത്താണ് മിക്ക സ്ഥലത്തും മയൊണൈസ് തയാറാക്കുന്നത്. മുട്ടയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം വളരെക്കൂടുതലാണ്. ഉണ്ടാക്കിയശേഷം സാധാരണ താപനിലയിൽ ആറുമണിക്കൂറിലേറെ മയൊണൈസ് സൂക്ഷിക്കുന്നതു ബാക്ടീരിയ വർധിക്കാൻ കാരണമാകും.

ഉടൻ ചികിത്സ തേടണം

ചില ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ച് ആറു മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. ചിലതാകട്ടെ 72 മണിക്കൂറിനു ശേഷമായിരിക്കും പ്രവർത്തിച്ചു തുടങ്ങുക. എത്രമാത്രം ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു എന്നതിനെയും എത്രമാത്രം ജലാംശം ശരീരത്തിലുണ്ടെന്നതിനെയും ആശ്രയിച്ചിരിക്കും ഗുരുതരാവസ്ഥ. കുട്ടികളെയും പ്രായമായവരെയുമാണു ഭക്ഷ്യവിഷബാധ ഏറ്റവുമധികം ബാധിക്കുന്നത്. ഗുരുതരമായിക്കഴിഞ്ഞാൽ ഇതു മറ്റ് അവയവങ്ങളെ ബാധിക്കുകയും സ്ഥിതി കൂടുതൽ ഗുരുതരമാകുകയും ചെയ്യും.

വിനാഗിരിയും നാരങ്ങയും പോലെ ആസിഡ് സ്വഭാവമുള്ള സാധനങ്ങൾ പാചകത്തിൽ ഉപയോഗിക്കുന്നതു ബാക്ടീരിയകളെ കുറെയൊക്കെ തടയും. കരുതലോടെ പാകം ചെയ്ത് ഉപയോഗിച്ചാൽ ഷവർമയെ ഭയക്കേണ്ടതില്ല.സാൽമൊണെല്ല, സ്റ്റഫൈലോകോക്കസ് എന്നീ ബാക്ടീരിയകളാണ് പ്രധാനമായും ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്നത്. ചൂടു കാലാവസ്ഥ സാൽമൊണല്ലയ്ക്ക് യോജിച്ചതായതിനാൽ വേനൽ കാലത്ത് ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ

∙ ഷവർമ തയാറാക്കുന്നതിന് ഉപയോഗിക്കുന്ന മാംസം ശരിയായി വേകാത്തത്.

∙ വൃത്തിഹീനമായ ചുറ്റുപാടുകളിൽ ‍സൂക്ഷിക്കുന്നതിനാൽ ഉണ്ടാകുന്ന ബാക്ടീരിയകൾ

∙ ചൂടു കാലാവസ്ഥ മൂലം മാംസം വേഗത്തിൽ കേടാകുന്നത്.

മുൻകരുതലുകൾ

∙ മാംസവും മയൊണൈസ് തുടങ്ങിയവയും പ്രത്യേകമായി സൂക്ഷിക്കണം, ഇവ പച്ചക്കറികളിൽ നിന്നും അകലത്തിൽ സൂക്ഷിക്കണം

∙ കേടായ ഭാഗങ്ങൾ ചെത്തിക്കളഞ്ഞ ശേഷം മറ്റുഭാഗങ്ങൾ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കണം

∙ ഭക്ഷണം നന്നായി വെന്തിട്ടുണ്ടെന്നും നിറ വ്യത്യാസങ്ങൾ ഇല്ലെന്നും ഉറപ്പു വരുത്തണം

∙ തണുത്ത സ്ഥലത്തു സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കിയ ശേഷം ഉപയോഗിക്കുക, ഇങ്ങനെ വീണ്ടും ചൂടാക്കിയവ പിന്നീട് ഫ്രിജിൽ സൂക്ഷിക്കരുത്

∙ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com