ഭക്ഷ്യവിഷബാധ: ഫ്രൈഡ്റൈസ് കഴിച്ച 26 പേർ ആശുപത്രിയിൽ

Mail This Article
ചെന്നൈ ∙ ഷവർമയിൽ നിന്നും ബർഗറിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങൾ നാമക്കലിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ചിക്കൻ ഫ്രൈഡ്റൈസ് കഴിച്ചവർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി പരാതി. കൃഷ്ണഗിരിയിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
കൃഷ്ണഗിരി സിപ്കോട്ടിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 200ലേറെ തൊഴിലാളികൾ ഫാസ്റ്റ് ഫുഡ് കടയിൽ നിന്നു ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച് അൽപസമയത്തിനകം 12 സ്ത്രീകളും 14 പുരുഷന്മാരുമടക്കം 26 പേർക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.
ഇവരെ കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗുരുപാറപ്പള്ളി പൊലീസ് അറിയിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസറുടെയും മുനിസിപ്പൽ അധികൃതരുടെയും നേതൃത്വത്തിലുള്ള സംഘം കടയിലെത്തി തെളിവെടുപ്പു നടത്തി. കട താൽക്കാലികമായി പൂട്ടി സീൽ ചെയ്തതായി നഗരസഭ അധികൃതർ പറഞ്ഞു.