രൂപവും പേരും മാറി 22 വർഷം ഒളിവിൽ ; മോഷ്ടാവിനെ കുടുക്കി വിരലടയാളം

Mail This Article
ചെന്നൈ ∙ മോഷണക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ, പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട് 22 വർഷമായി പേരും രൂപവും മാറി കൊല്ലത്തു കഴിഞ്ഞിരുന്ന മോഷ്ടാവിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ‘കാവനാട് ശശി’യെന്ന പേരിലുള്ള തിരിച്ചറിയൽ രേഖകൾ സഹിതം കൊല്ലം കാവനാട് താമസമാക്കിയിരുന്ന ഡേവിഡ് ബിനുവിനെയാണു കൊല്ലത്തെ ജയിലിലെത്തി വീണ്ടും അറസ്റ്റു ചെയ്തത്. 2000ൽ പൂനമല്ലിയിൽ നടന്ന മോഷണത്തിലാണു ഡേവിഡും കൂട്ടാളികളായ പീറ്റർ, ചിന്ന മാരി എന്നിവരും പിടിയിലായത്. 2001ൽ കേസിന്റെ വിചാരണ നടക്കവേ സുരക്ഷയ്ക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച ശേഷം മൂവരും രക്ഷപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ ചിന്നമാരി കൊല്ലപ്പെട്ടു. പിന്നാലെ, പീറ്ററും വലയിലായി. എന്നാൽ, ഡേവിഡിനെക്കുറിച്ചു വിവരം ലഭിച്ചില്ല. പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
കൊല്ലം അഞ്ചാലംമൂട് സ്വദേശിയായ ഡേവിഡ് കാവനാടെത്തി ശശിയെന്ന പേരിൽ താമസം തുടങ്ങി. ഇതോടെയാണു കാവനാട് ശശിയെന്ന പേരും ലഭിച്ചത്. ഇതിനിടെ, തെക്കൻ ജില്ലകളിൽ മാലപൊട്ടിക്കൽ അടക്കമുള്ളവ നടത്തി. മുപ്പതോളം കേസുകളുമുണ്ട്. ഇയാൾ കൊല്ലത്തെ ജയിലിലുണ്ടെന്നു വിവരം ലഭിച്ചതോടെയാണു ചെന്നൈ പൊലീസെത്തി അറസ്റ്റു രേഖപ്പെടുത്തിയത്. ആദ്യം ഡേവിഡ് ബിനുവാണെന്നു സമ്മതിക്കാതിരുന്ന ഇയാൾ തന്റെ തിരിച്ചറിയൽ രേഖകളും പൊലീസിനെ കാണിച്ചു. എന്നാൽ, തമിഴ്നാട് പൊലീസിന്റെ കയ്യിലുണ്ടായിരുന്ന വിരലടയാളമാണു ഡേവിഡിനെ കുരുക്കിയത്. ഇയാളെ പ്രത്യേക ട്രാൻസിറ്റ് വാറന്റ് വാങ്ങി ചെന്നൈയിലെ കോടതിയിൽ ഹാജരാക്കും.