എഗ്‌മൂർ–തിരുനെൽവേലി; മുഴുനീള പ്രതീക്ഷയിൽ മൂന്നാം വന്ദേഭാരത്
Mail This Article
ചെന്നൈ ∙ മൂന്നാം വന്ദേഭാരത് നാളെ സർവീസ് ആരംഭിക്കുന്നതോടെ തമിഴ്നാടിന്റെ തെക്കൻ ഭാഗങ്ങളിലേക്കുള്ള യാത്രകൾക്ക് വേഗം കൂടുന്നതിന്റെ ആവേശത്തിലാണ് നഗരം. കേരളത്തിന്റെ തെക്കൻ മേഖലകളിലുള്ളവർക്കും കൂടി ഉപയോഗിക്കാൻ കഴിയുന്ന ചെന്നൈ എഗ്‌മൂർ–തിരുനെൽവേലി വന്ദേഭാരത് ട്രെയിൻ, നാളെ ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. പുതിയ വന്ദേഭാരതിന്റെ വരവോടെ യാത്രാസമയം 10 – 12 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയും.
കുതിക്കാം വന്ദേഭാരതിൽ
തിരുനെൽവേലിയിൽ നിന്നു രാവിലെ 6നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് ചെന്നൈ എഗ്‌മൂറിലെത്തും. മടക്ക സർവീസ് എഗ്‌മൂറിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ട് രാത്രി 10.40ന് തിരുനെൽവേലിയിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസുണ്ടാകും. വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, വിഴുപ്പുറം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലെ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് താംബരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
തമിഴ്നാട്ടിലൂടെയുള്ള മൂന്നാമത്തെ വന്ദേഭാരതും പൂർണമായും സംസ്ഥാനത്തിനകത്ത് ഓടുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനുമാണ് ഇത്. ചെന്നൈയിൽ നിന്നു കോയമ്പത്തൂരിലേക്കും മൈസൂരുവിലേക്കുമാണ് നിലവിൽ വന്ദേഭാരത് ട്രെയിനുകളുള്ളത്. 652 കിലോമീറ്റർ ദൂരം 7 മണിക്കൂർ 50 മിനിറ്റുകളിൽ ഓടിയെത്തുന്ന ട്രെയിനിന്റെ ശരാശരി വേഗം മണിക്കൂറിൽ 83.30 കിലോമീറ്ററാണ്. ചെയർ കാറിന് 1620 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 3025 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൊത്തം 608 സീറ്റുകളാണ് ട്രെയിനിലുള്ളത്.
ചെന്നൈ – തിരുനെൽവേലി റൂട്ടിൽ നിലവിൽ 10–12 മണിക്കൂറാണ് ട്രെയിനുകളുടെ യാത്രാ സമയം. ഇത് 8 മണിക്കൂറായി ചുരുങ്ങുന്നത് യാത്രക്കാർക്ക് ഗുണകരമാകും. വന്ദേഭാരത് ട്രെയിനുകളുടെ യാത്രാ സമയം ക്രമേണ വർധിക്കുന്നതിനനുസരിച്ച് 8 മണിക്കൂറെന്നത് ഭാവിയിൽ കുറയാൻ സാധ്യതയുണ്ട്.
വന്ദേഭാരതിൽ തിരുനെൽവേലി; പിന്നെ പാലരുവിയിൽ നാട്ടിലേക്ക്
തിരുനെൽവേലിയിലേക്ക് വന്ദേ ഭാരത് ട്രെയിൻ സർവീസ് ആരംഭിക്കുന്നത് കേരളത്തിന്റെ തെക്കൻ മേഖലകളിലുള്ളവർക്കു നേട്ടം. വന്ദേഭാരതിൽ തിരുനെൽവേലിയിലെത്തിയാൽ രാത്രി 11.30നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസിൽ നാട്ടിലേക്കു പോകാൻ സാധിക്കും. പുലർച്ചെ 3ന് പുനലൂരിലും 3.23ന് കൊട്ടാരക്കരയിലും 4.45ന് കൊല്ലത്തും എത്തുന്ന പാലരുവി എക്സ്പ്രസിൽ തെക്കൻ കേരളത്തിലേക്കുള്ള യാത്ര എളുപ്പമാകും. കോട്ടയം (6.55), എറണാകുളം (8.40) ഭാഗത്തേക്കുള്ള യാത്രക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം. അതേസമയം, തിരുനെൽവേലിയിൽ നിന്നു റോഡ് മാർഗം കേരളത്തിലേക്ക് പോകുന്നവർക്കും നാട്ടിലെത്തുന്ന കാര്യത്തിൽ സമയത്തിൽ ലാഭമുണ്ടാകും. സാധാരണയായി 3 മണിക്കൂറാണ് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയമെങ്കിലും രാത്രി വാഹനത്തിരക്ക് കുറവായതിനാൽ അതിലും കുറഞ്ഞ സമയം കൊണ്ട് എത്താനാകും.