ലോക്സഭാ തിരഞ്ഞെടുപ്പ്: കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽഹാസൻ

Mail This Article
ചെന്നൈ ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നു മത്സരിക്കാനൊരുങ്ങി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. കോയമ്പത്തൂരിൽ നിന്നു മത്സരിക്കാൻ തയാറാണെന്നും എന്നാൽ, ഏതു മുന്നണിയുടെ ഭാഗമാകണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും പാർട്ടി യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. പാർട്ടി പ്രതിനിധി ഒരു മണ്ഡലത്തിൽ മാത്രമേ മൽസരിക്കുന്നുള്ളൂവെങ്കിലും 40 മണ്ഡലങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയോട് അടുപ്പം പുലർത്തുന്ന കമൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ മുന്നണിക്കൊപ്പം ചേർന്നു മത്സരിക്കാനാണു നീക്കം.
ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമായ സിപിഎം പ്രതിനിധി പി.രാമസ്വാമി നടരാജനാണു നിലവിൽ കോയമ്പത്തൂരിൽ നിന്നുള്ള എംപി. ഡിഎംകെക്കൊപ്പമുണ്ടായിരുന്ന ഇന്ത്യ ജയനായക കക്ഷി (ഐജെകെ) നേതാവും എംപിയുമായ ടി.ആർ.പാരിവേന്ദർ എൻഡിഎ സഖ്യത്തിലേക്കു പോകാനുള്ള നീക്കത്തിലാണ്. ഇതോടെ ഒഴിവു വരുന്ന സീറ്റ് കമലിനു നൽകുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വാനതി ശ്രീനിവാസനോട് വെറും 1728 വോട്ടുകൾക്കായിരുന്നു കമൽ പരാജയപ്പെട്ടത്.