ആവിൻ കാർഡ് വിതരണത്തിൽ കർശന വ്യവസ്ഥകൾ; പാലിൽ കള്ളം ചേർക്കരുത്

Mail This Article
ചെന്നൈ ∙ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പാൽ വാങ്ങി അമിത തുകയ്ക്കു മറിച്ചു വിൽക്കുന്നവരുടെ എണ്ണമേറിയതോടെ പാൽ കാർഡുകളുടെ വിതരണത്തിൽ കർശന നിയന്ത്രണവുമായി ആവിൻ. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ സംസ്ഥാനത്ത് 33,000 പേരുടെ കാർഡുകൾ റദ്ദാക്കി. കൃത്യമായ രേഖകൾ സമർപ്പിക്കുന്നവർക്കു മാത്രമേ ഇനി പാൽ കാർഡ് ലഭിക്കുകയുള്ളൂ.
പാൽക്കള്ളൻമാരെ പൊക്കി
നീല, പച്ച, ഓറഞ്ച്, മജന്ത തുടങ്ങിയ നിറങ്ങളിലുള്ള പായ്ക്കറ്റുകളിലാണ് ആവിൻ പാൽ വിൽക്കുന്നത്. കൊഴുപ്പ് കൂടിയ ഓറഞ്ച് പായ്ക്കറ്റിലെ പാലിന് വില കൂടുതലാണ്. പുറത്ത് 60 രൂപയ്ക്കാണു 1 ലീറ്റർ പാൽ വിൽക്കുന്നത്. എന്നാൽ ആവിന്റെ കാർഡ് ഉള്ളവർക്ക് 46 രൂപയ്ക്ക് പാൽ ലഭിക്കും. എന്നാലിത് വ്യാപക തട്ടിപ്പിന് കാരണമാകുന്നതായി കണ്ടെത്തി. കാർഡ് ഉപയോഗിച്ച് 46 രൂപയ്ക്കു വാങ്ങുന്ന പാൽ പുറത്ത് 60 രൂപയ്ക്കു മറിച്ചു വിൽക്കുന്നതായി കണ്ടെത്തി. കാർഡ് പുതുക്കുന്നതിന് രേഖകളുടെ ആധികാരികത ഉറപ്പാക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെ നിലവിലുള്ള ഓറഞ്ച് പാൽ കാർഡുകാരുടെ എണ്ണം 1.05 ലക്ഷത്തിൽ നിന്ന് 72,000 ആയി കുറഞ്ഞു.
വേണം കൃത്യം രേഖ
പുതുക്കിയ മാനദണ്ഡ പ്രകാരം കാർഡ് പുതുക്കുന്നതിന് റേഷൻ കാർഡോ വീട്ടുവാടക കരാറോ നിർബന്ധം. 1 റേഷൻ കാർഡ് ഉപയോഗിച്ച് ഒരു ദിവസം 1 ലീറ്റർ ഓറഞ്ച് പാൽ പാക്കറ്റ് മാത്രമാണു ലഭിക്കുക. പുതുതായി കാർഡിന് അപേക്ഷിക്കുന്നവർ ആധാർ നമ്പർ നൽകണം. അപേക്ഷകരുടെ വീടുകളിൽ ആവിൻ വിജിലൻസ് സംഘം പരിശോധന നടത്തും. നൽകിയിരിക്കുന്ന വിലാസത്തിൽ തന്നെയാണ് താമസിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണു പരിശോധന നടത്തുന്നത്. കൃത്യമായ രേഖകൾ, യഥാർഥ വിലാസം എന്നിവ സമർപ്പിക്കുന്നവരും കൂടിയ വിലയ്ക്കു പാൽ മറിച്ചു വിൽക്കാത്തവരും പുതിയ നിയന്ത്രണങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടെന്നും തട്ടിപ്പു നടത്തുന്നവരെ മാത്രമാണു പിടികൂടുന്നതെന്നും ആവിൻ അധികൃതർ അറിയിച്ചു.