ADVERTISEMENT

ചെന്നൈ ∙ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം തേടി നഗരവാസികൾ നടത്തിയ സമൂഹമാധ്യമ ഇടപെടലുകൾ ഫലം കാണുന്നു. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ  അടിയന്തിര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ കോർപറേഷൻ നടപടികളാരംഭിച്ചു.

പരാതികൾക്ക് സ്വാഗതം 

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളാണ്, അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തേണ്ട റോഡുകളുടെ പട്ടിക തയാറാക്കാൻ കോർപറേഷൻ അടിസ്ഥാനമാക്കിയത്. ഫെയ്സ്ബുക്, എക്സ് തുടങ്ങിയവയിൽ വന്ന പോസ്റ്റുകൾ ശേഖരിച്ച അധിക‍ൃതർ, ഉടൻ പ്രവൃത്തികൾ പൂർത്തിയാക്കേണ്ട 61 റോഡുകളുടെ പട്ടിക തയാറാക്കുകയായിരുന്നു.  3 മാസം കൊണ്ടാണ് കേടുപാടുകളുള്ള റോഡുകൾ കണ്ടെത്തിയതെന്ന് അധിക‍ൃതർ പറഞ്ഞു. ജൂൺ മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും ഫോട്ടോകളും ഉൾപ്പെടുത്തി 62 പേജുള്ള വിശദമായ റിപ്പോർട്ട് തയാറാക്കിയിരുന്നു. 

സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്ന പരാതികൾ പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് കമ്മിഷണർ ജെ.രാധാകൃഷ്ണൻ പറഞ്ഞു. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉന്നയിക്കാൻ നഗരവാസികൾക്കു പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. മടിപ്പാക്കം, മുഗളിവാക്കം തുടങ്ങി, അടുത്തകാലത്ത് കോർപറേഷനോടു കൂട്ടിച്ചേർത്ത പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ പരാതികൾ ഉയർന്നത്. 

തകർന്ന റോഡുകൾ ഒട്ടേറെ 

ടിനഗറിലെ ദുരൈസാമി അടിപ്പാത, മാധവാരം മെയിൽ റോഡ്, അയനാവരം വെങ്കടേശപുരം കോളനി റോഡ്, മുഗളിവാക്കം ശബരി നഗർ റോഡ്, പോരൂർ ഏരിക്കരൈ സ്ട്രീറ്റ്, പുരുഷവാക്കം വളളിയമ്മാൾ റോഡ് തുടങ്ങി നഗര ഹൃദയത്തിലും ചുറ്റുപാടുമായുള്ള ഒട്ടേറെ റോഡുകളുടെ പ്രശ്നങ്ങളാണ് നഗരവാസികൾ ശ്രദ്ധയിൽപെടുത്തിയത്. ഇവയുടെയെല്ലാം അറ്റകുറ്റപ്പണികൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു.  

തുടർച്ചയായി പെയ്യുന്ന മഴ ടാറിങ്ങിന് തടസ്സമാകുന്ന സാഹചര്യത്തിൽ താൽക്കാലികമായി കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കാൻ  പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായി നഗരവികസന വകുപ്പ് മന്ത്രി കെ.എൻ.നെഹ്റു പറഞ്ഞു. മുഗളിവാക്കം, മണപ്പാക്കം മേഖലകളിലെ റോഡ് നിർമാണ പ്രവർത്തനങ്ങളുടെ വേഗം കൂട്ടാൻ ഹൈവേ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇസിആറിൽ മെട്രോ വാട്ടർ നടത്തുന്ന ജോലികളും ഉടൻ പൂർത്തിയാക്കണം. മഴവെള്ള ഓട നിർമാണ പ്രവർത്തനങ്ങളും മഴക്കാലത്തിനു മുൻപായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. മഴ കഴിയും വരെ റോഡുകൾ കുഴിക്കുന്നതു പോലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്നും വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com