രണ്ട് വന്ദേ ഭാരതിനും വൻ സ്വീകരണം

Mail This Article
ചെന്നൈ ∙ യാത്രാ പദ്ധതികൾക്കു പുതു വേഗം നൽകി 2 വന്ദേഭാരത് ട്രെയിനുകൾ കൂടി ചെന്നൈയിൽ നിന്നു സർവീസ് ആരംഭിച്ചു. ചെന്നൈ എഗ്‌മൂർ – തിരുനെൽവേലി, എംജിആർ ചെന്നൈ സെൻട്രൽ – വിജയവാഡ ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ തമിഴ്നാട്ടിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 4 ആയി ഉയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉച്ചയ്ക്ക് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുനെൽവേലി വന്ദേഭാരതിന് താംബരത്തും സ്റ്റോപ്പ് അനുവദിച്ചത് തെക്കൻ ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് അനുഗ്രഹമായി. വിഴുപ്പുറം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, വിരുദുനഗർ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റോപ്പുകൾ. രാവിലെ 6ന് തിരുനെൽവേലിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എഗ്‌മൂറിലെത്തും. 2.50ന് തിരിച്ചുള്ള യാത്രയാരംഭിച്ച് രാത്രി 10.40 തിരുനെൽവേലിയിലെത്തുന്ന രീതിയിലാണ് സമയക്രമം.
വന്ദേഭാരതിന്റെ ആദ്യ സർവീസിൽ പുതുച്ചേരി ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ , കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ തുടങ്ങിയവർ യാത്ര ചെയ്തു. കന്നി യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും ഏർപ്പെടുത്തിയിരുന്നു. സ്വീകരണത്തിനിടെ ബിജെപി പ്രവർത്തകരും ഡിഎംകെ പ്രവർത്തകരും മത്സരിച്ച് മുദ്രാവാക്യം മുഴക്കിയത് ചില സ്ഥലങ്ങളിൽ നേരിയ സംഘർഷം സൃഷ്ടിച്ചു.
വിജയവാഡ – ചെന്നൈ വന്ദേഭാരതിന്റെ യാത്രാസമയം 6 മണിക്കൂറ്‍ 40 മിനിറ്റാണ്. രാവിലെ 5.30ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട് റെനിഗുണ്ട വഴി ഉച്ചയ്ക്ക് 12.10ന് വിജയവാഡയിലെത്തുന്ന ട്രെയിൻ ഉച്ചയ്ക്കു ശേഷം 3.20ന് മടക്കയാത്ര ആരംഭിക്കും. രാത്രി 10ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.