ADVERTISEMENT

ചെന്നൈ ∙ ഒരു വർഷത്തിലേറെയായി പുകഞ്ഞു കൊണ്ടിരുന്ന എൻ‍ഡിഎ സഖ്യം പൊട്ടിത്തെറിച്ചതോടെ രാഷ്ട്രീയ നാടകങ്ങളുടെ വേദിയായ തമിഴകത്ത് ഇനി പുതിയൊരു പോർക്കളം കൂടി തയാർ. പിരിഞ്ഞ ഇരുപാർട്ടികളുടെയും മൂർച്ച പരിശോധിക്കാനുള്ള ആദ്യ വേദിയാകുക വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ വിജയം എന്നത് എടപ്പാടി പളനിസാമി ലക്ഷ്യമാക്കുമ്പോൾ അമിത് ഷാ പ്രഖ്യാപിച്ച 25 സീറ്റ് വിജയമാണ് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈക്കു മുന്നിലുള്ള വെല്ലുവിളി. 2021 ജൂലൈയിൽ കെ.അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതൽ അതുവരെ കാണാത്ത തരത്തിൽ കടന്നാക്രമിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളാണു ബിജെപിയുടെ ഭാഗത്തു നിന്നുണ്ടായത്. 

സഖ്യകക്ഷിയാണെന്ന പരിഗണന അണ്ണാഡിഎംകെക്കു നൽകാതെയായിരുന്നു അണ്ണാമലൈ മുന്നോട്ടു പോയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യം വിട്ട് ഒറ്റയ്ക്കു മത്സരിക്കാൻ ബിജെപി തീരുമാനിച്ചതും ഇതേ നയത്തിന്റെ ഭാഗമായിരുന്നു. ചെന്നൈ കോർപറേഷനിലടക്കം അക്കൗണ്ട് തുറന്നതോടെ അണ്ണാമലൈ ആവേശത്തിലായി. ഡിഎംകെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടിയാണ് അണ്ണാഡിഎംകെയെന്നത് അവഗണിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയെന്ന നിലയിലേക്ക് ബിജെപിയെ ഉയർത്തിക്കാട്ടാൻ ശ്രമിച്ചതു മുതൽ ഇരുകക്ഷികളും തമ്മിൽ ഉരസൽ തുടങ്ങിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ബിജെപി ഐടി വിഭാഗം തലവനായിരുന്ന സി.ടി.നിർമൽ കുമാർ പാർട്ടി വിട്ട് അണ്ണാഡിഎംകെയിലേക്കെത്തിയത് ബിജെപിയെ ഞെട്ടിച്ചു. പിന്നാലെ, കുറേയേറെ നേതാക്കൾക്കൂടി ബിജെപി വിട്ട് അണ്ണാഡിഎംകെയിലെത്തി. ഇതോടെ കലഹം മൂത്തു. 

ഏപ്രിലിൽ ഡിഎംകെ ഫയൽസ് എന്ന പേരിൽ ഡിഎംകെ നേതാക്കൾക്കെതിരെയുള്ള അഴിമതി രേഖകൾ പുറത്തുവിട്ട അണ്ണാമലൈ അണ്ണാഡിഎംകെ നേതാക്കളുടെ അഴിമതിക്കഥകളും പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചത് നേതൃത്വത്തെ ചൊടിപ്പിച്ചു. അണ്ണാമലൈ പക്വതയില്ലാത്ത നേതാവാണെന്നും മറുപടി അർഹിക്കുന്നില്ലെന്നും അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി തുറന്നടിച്ചതു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വരെ ശ്രദ്ധയിലെത്തി. പിന്നാലെ, ഡൽഹിയിൽ നിന്നു വിളിവന്നു. ഇരുവിഭാഗത്തെയും ഇരുവശങ്ങളിലായി ഇരുത്തി അമിത് ഷായുടെ നേതൃത്വത്തിൽ ചർച്ച.

ഡിഎംകെയെ നേരിടാൻ നിർദേശവും നൽകി. ഇതോടെ താൽക്കാലിക വെടിനിർത്തലായി. എന്നാൽ, ആഴ്ചകൾക്ക് ശേഷം അണ്ണാഡിഎംകെയുടെ പുരട്ചി തലൈവി ജെ.ജയലളിത അഴിമതിക്കാരിയായിരുന്നെന്ന് അണ്ണാമലൈ പറഞ്ഞതോടെ പിന്നെയും വിവാദം കത്തി. മധുരയിൽ നടന്ന ജൂബിലി സമ്മേളനത്തെയും എടപ്പാടിയെയും അടക്കം പരിഹസിച്ചതോടെ പാർട്ടി ബിജെപിക്കു മുന്നറിയിപ്പു നൽകി. ഇത് തീർത്തും അവഗണിച്ച അണ്ണാമലൈ തന്നെ എപ്പോഴും വെള്ളിവെളിച്ചത്തിൽ നിർത്തുന്ന പ്രസ്താവനകൾ തുടർന്നു. ഏറ്റവും ഒടുവിൽ ഹൈന്ദവ ദൈവങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ മുൻമുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈ പരസ്യമായി മാപ്പു പറഞ്ഞ ആളാണെന്ന പരാമർശമാണ് തീ ആളിക്കത്തിച്ചത്.

അണ്ണാമലൈയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ നേതാക്കൾ ഡൽഹിയിലെത്തിയെങ്കിലും ഗുണമുണ്ടായില്ല. ഇതിനിടെ ഇരു പാർട്ടികളും തമ്മിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയും രൂക്ഷമായ തർക്കമുണ്ടായി. ആകെയുള്ള 40 ലോക്സഭാ സീറ്റുകളിൽ ബിജെപി 20 സീറ്റുകൾ ആവശ്യപ്പെട്ടതും മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തെയും എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരനെയും സഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും പളനിസാമി നിരാകരിച്ചിരുന്നു. ഇതോടെയാണു സഖ്യം വേണ്ടെന്ന നിർണായക തീരുമാനത്തിലേക്കെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT