വന്ദേഭാരത് ഓടിത്തുടങ്ങി; തിരുപ്പതി യാത്രയ്ക്ക് ഇനി ഒന്നര മണിക്കൂർ മാത്രം

Mail This Article
ചെന്നൈ ∙ നഗരത്തിൽ നിന്ന് വിജയവാഡയിലേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ തിരുപ്പതി യാത്രയുടെ സമയം ഒന്നര മണിക്കൂറായി കുറഞ്ഞു. ചെന്നൈയിൽ നിന്ന് ഒട്ടേറെ ഭക്തർ സന്ദർശിക്കുന്ന ക്ഷേത്ര നഗരത്തിലേക്ക് മറ്റു ട്രെയിനുകളിൽ 3 മണിക്കൂറിലേറെ സമയമെടുക്കുന്നതാണ് പകുതിയായി കുറഞ്ഞത്. തിരുപ്പതി യാത്രക്കാരെ ലക്ഷ്യംവച്ചാണ് വിജയവാഡയ്ക്കുള്ള പതിവുപാതയിൽ നിന്നു മാറി റെനിഗുണ്ട വഴി വന്ദേഭാരതിന്റെ സർവീസ് ക്രമീകരിച്ചത്. തിരുപ്പതിയിൽ നിന്ന് 9 കിലോമീറ്റർ മാത്രമാണ് റെനിഗുണ്ടയിലേക്കുള്ളത്.
ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസവും വന്ദേഭാരത് സർവീസുണ്ട്. ചെന്നൈയിൽ നിന്ന് രാവിലെ 5.30ന് പുറപ്പെടുന്ന ട്രെയിൻ 7.10ന് റെനിഗുണ്ടയിലെത്തും. മടക്കയാത്രയിൽ രാത്രി 8.05ന് റെനിഗുണ്ടയിലെത്തുന്ന ട്രെയിൻ 10ന് ചെന്നൈ സെൻട്രലിലെത്തും. അതേസമയം വന്ദേഭാരത് ട്രെയിനിന്റെ പ്രയോജനം തമിഴ്‌നാട്ടിലെ മറ്റു ഭാഗങ്ങളിലുള്ള യാത്രക്കാർക്ക് ലഭ്യമാക്കാൻ ആർക്കോണത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചെയർകാറിന് 520 രൂപയും എക്സിക്യൂട്ടീവ് ക്ലാസിൽ 1,005 രൂപയുമാണ് ടിക്കറ്റ് നിരക്ക്.