ട്രെയിനിൽ മലയാളി കുടുംബത്തിന് തുണയായി ടിടിഇയും യാത്രക്കാരും
Mail This Article
ചെന്നൈ∙ ട്രെയിനിൽ തനിച്ചു യാത്ര ചെയ്യേണ്ടി വന്ന മലയാളി യുവതിക്കും കുട്ടികൾക്കും രോഗാവസ്ഥയിൽ തുണയായി ടിടിഇമാരും കംപാർട്മെന്റിലെ മുഴുവൻ യാത്രക്കാരും. ഓണത്തിനു നാട്ടിലെത്താൻ ഓഗസ്റ്റ് 25ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട, മാധ്യമ പ്രവർത്തക കൂടിയായ അമ്പിളി മേനോനും 9, 5 വയസ്സുള്ള മക്കൾക്കുമാണ് മറുനാട്ടിൽ ഈ സഹായം ലഭിച്ചത്. വൈകിട്ട് 3ന് ചെന്നൈയിൽ നിന്ന് ഇരിങ്ങാലക്കുടയ്ക്കു പുറപ്പെടുമ്പോൾ മൂത്ത കുട്ടിക്ക് അൽപം ശ്വാസംമുട്ട് ഉണ്ടായിരുന്നു. മരുന്നുകൾ കൈവശമുണ്ടായിരുന്നതിനാൽ അധികം ആശങ്ക ഉണ്ടായില്ല. ഒരാളുടെ ടിക്കറ്റ് മാത്രമായിരുന്നു കൺഫർമേഷൻ ആയത്. അസുഖ വിവരം അറിയിച്ചതിനെ തുടർന്ന് ടിടിഇ ഇടപെട്ട് മറ്റൊരു സീറ്റുകൂടി നൽകി.
ട്രെയിൻ പുറപ്പെട്ട് അധിക സമയം കഴിയും മുൻപേ കുട്ടിക്ക് അസുഖം മൂർച്ഛിച്ചു. മറ്റൊരു കോച്ചിൽ യാത്ര ചെയ്തിരുന്ന, തൊണ്ടയാർപെട്ട് അപ്പോളോ ആശുപത്രിയിലെ ഡോക്ടർ സയ്യിദ് ഹഫീസുള്ളയെ ടിടിഇ വിവരം അറിയിച്ചു. ഡോക്ടർ കുട്ടിയെ പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ നിർദേശിച്ചു. സേലം ആയിരുന്നു അടുത്ത സ്റ്റേഷൻ. സഹയാത്രികനായ, അൾട്രാ ഗോൾഡ് കമ്പനികളുടെ ചെയർമാൻ വിജയഭാസ്കർ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ സഹായിച്ചു. 5 വയസ്സുള്ള ഇളയ മകളെ എറണാകുളം സ്വദേശികളായ കുടുംബം നോക്കി.
ഡോക്ടർ ഹഫീസുള്ളയ്ക്കു പരിചയമുള്ള സേലത്തെ ആശുപത്രിയിൽ അദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാരും തയാറായി നിന്നു. ഔദ്യോഗിക പരിപാടി ഉപേക്ഷിച്ച് ഡോ.ഹഫീസുള്ളയും ആശുപത്രിയിലെത്തി. തുടർച്ചയായി 20 മണിക്കൂർ ഓക്സിജൻ നൽകിയ ശേഷമാണ് കുട്ടി സാധാരണ നിലയിൽ എത്തിയത്. ഒരാഴ്ചയോളം കുട്ടി ചികിത്സയിലായിരുന്നു. എ1 കോച്ചിലെ 2 ടിടിഇമാർ, ഡോ. സയ്യിദ് ഹഫീസുള്ള, ഇപ്പോളും ഇടയ്ക്കു വിളിച്ച് മോളുടെ വിവരങ്ങൾ അന്വേഷിക്കുന്ന വ്യവസായി വിജയഭാസ്കർ, ഇളയ മകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത എറണാകുളം സ്വദേശികളുടെ കുടുംബം, രോഗാവസ്ഥയിൽ ചെറുതും വലുതുമായി സഹായങ്ങൾ ചെയ്ത കംപാർട്മെന്റിലെ മറ്റു യാത്രക്കാർ എന്നിങ്ങനെ എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയാണ് അമ്പിളി.