സബേർബൻ ട്രെയിൻ സർവീസ്; അവധി നോക്കി പാത അറ്റകുറ്റപ്പണി; നക്ഷത്രമെണ്ണി യാത്രക്കാർ

Mail This Article
ചെന്നൈ ∙ തുടർച്ചയായ അവധി ദിവസങ്ങൾ കണക്കിലെടുത്ത് നഗരത്തിൽ ഷോപ്പിങ്ങും വിനോദ സഞ്ചാരവും ആസൂത്രണം ചെയ്തവർക്കു തിരിച്ചടിയായി സബേർബൻ ട്രെയിൻ സർവീസുകളുടെ റദ്ദാക്കൽ. ഞായറാഴ്ചയും ഗാന്ധി ജയന്തിയും കണക്കിലെടുത്ത് ഇന്നലെയും ഇന്നുമായി ഒട്ടേറെ പാതകളിൽ റെയിൽവേ അറ്റകുറ്റപ്പണികൾ നടത്തി. ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തു. അറ്റകുറ്റപ്പണികൾക്കായി അവധി ദിനങ്ങൾ തിരഞ്ഞെടുത്തത് സ്ഥിരം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണെന്ന് റെയിൽവേ അധികൃതർ പറയുമ്പോഴും, മുൻകൂട്ടി പരിപാടികൾ ആസൂത്രണം ചെയ്ത ഒട്ടേറെ ആളുകളാണ് വഴിയിൽ കുടുങ്ങിയത്.
വിഴുപ്പുറം പാതയിൽ ഇന്ന് റദ്ദാക്കുന്നത് 41 ട്രെയിനുകൾ
എഗ്‌മൂർ - വിഴുപ്പുറം പാതയിൽ ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം 3 വരെ ട്രെയിൻ സർവീസുകൾ ഉണ്ടാകില്ല. അറ്റകുറ്റപ്പണികൾക്കായി ഈ റൂട്ടിലെ സർവീസുകൾ നിർത്തി വയ്ക്കുന്നതായും 41 ട്രെയിനുകൾ റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു. കാഞ്ചീപുരം - ചെന്നൈ ബീച്ച്, താംബരം - ബീച്ച്, ചെങ്കൽപെട്ട് - ബീച്ച്, പെരുമാൾപുരം - ബീച്ച് റൂട്ടുകളിലെ ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
നഗരത്തിന്റെ തെക്കു-പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് വിദ്യാഭ്യാസ, ജോലിയാവശ്യങ്ങൾക്ക് പതിനായിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന പാതയാണ് ഇവ. ഇന്ന് ഗാന്ധി ജയന്തി പ്രമാണിച്ച് അവധി ദിവസമായതിനാൽ യാത്രക്കാർ കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് അറ്റകുറ്റപ്പണികൾക്കായി ഈ ദിവസം തിരഞ്ഞെടുത്തതെന്ന് ദക്ഷിണ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. പൊതുജനങ്ങൾക്കുണ്ടാവുന്ന അസൗകര്യം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് യാത്രക്കാരുടെ എണ്ണം ഏറ്റവും കുറയുന്ന ഉച്ചസമയത്തെ ട്രെയിനുകൾ റദ്ദാക്കാൻ നടപടി സ്വീകരിച്ചത്.
അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്നലെ വിവിധ സ്ഥലങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചിരുന്നു. അധിക ബസ് സർവീസുകളും ഇല്ലാതിരുന്നതിനാൽ വലിയ തിരക്കാണ് ബസുകളിൽ അനുഭവപ്പെട്ടത്. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
താംബരത്ത് കുടുങ്ങി യാത്രക്കാർ
പാതയിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ഇന്നലെ താംബരം - എഗ്‌മൂർ പാതയിൽ ട്രെയിനുകൾ രാവിലെ 10.35 മുതൽ ഉച്ചയ്ക്കു ശേഷം 3 വരെ സർവീസ് നടത്തിയില്ല. സർവീസ് റദ്ദാക്കുന്നതു സംബന്ധിച്ച് ദക്ഷിണ റെയിൽവേ മുൻകൂട്ടി അറിയിപ്പു പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പകരം യാത്രാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഗതാഗത വകുപ്പ് തയാറായില്ല. ഇതേത്തുടർന്ന് താംബരത്തു നിന്നു നഗരത്തിലേക്കും തിരിച്ചുമുള്ള എംടിസി ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബസുകളിൽ കയറാൻ തിക്കിത്തിരക്കിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കേണ്ടി വന്നു. ഇന്നും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതിനാൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സ്റ്റേഷനിൽ ബോംബേറ്: ഒരാൾക്ക് പരുക്ക്
വിഴുപ്പുറത്തിനടുത്ത് കന്തമ്പാക്കം റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. സ്റ്റേഷനിലെത്തിയ യാത്രക്കാരനുനേരെ മറ്റൊരാൾ നാടൻ ബോംബ് എറിയുകയായിരുന്നെന്ന് റെയിൽവേ പൊലീസ് അധികൃതർ പറഞ്ഞു. പ്രദേശവാസിയായ പരണീധരനാണ് പരുക്കേറ്റത്. ഇയാളെ മുണ്ടിയമ്പാക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്തമ്പാക്കം സ്റ്റേഷനിലെത്തിയ പരണീധരനു നേരെ, മുൻ വൈരാഗ്യത്തെ തുടർന്ന് നാരായണസാമി എന്നയാളാണ് നാടൻ ബോംബ് എറിഞ്ഞത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട നാരായണസാമിക്കായി അന്വേഷണം ശക്തമാക്കിയതായി മുണ്ടിയമ്പാക്കം പൊലീസ് പറഞ്ഞു.
കംപാർട്മെന്റിൽ പുക, പരിഭ്രാന്തരായി യാത്രക്കാർ
സബേർബൻ ട്രെയിൻ കംപാർട്മെന്റിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് പരിഭ്രാന്തരായി യാത്രക്കാർ. ഞായറാഴ്ച വൈകിട്ട് 3ന് താംബരത്തു നിന്ന് ചെന്നൈ ബീച്ചിലേക്കു പോകുകയായിരുന്ന ട്രെയിൻ ഗിണ്ടി സ്റ്റേഷനു സമീപം എത്തിയപ്പോഴാണ് കംപാർട്മെന്റിന്റെ കീഴിൽ നിന്ന് പുക ഉയർന്നത്. പുക ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിൻ നിർത്തി മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി.
പാതയിലെ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം 3 വരെ താംബരം - ബീച്ച് പാതയിൽ സബേർബൻ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നില്ല. ജോലികൾ പൂർത്തിയാക്കിയ ശേഷം ആദ്യം പുറപ്പെട്ട ട്രെയിനിൽ നിന്നാണ് പുക ഉയർന്നത്.
ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം അര മണിക്കൂറോളം വൈകിയാണ് യാത്ര പുനരാരംഭിച്ചത്. ഇതേത്തുടർന്ന് ഇതു വഴിയുള്ള മറ്റു ട്രെയിനുകളും വൈകി. പുക ഉയർന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ പറഞ്ഞു. സ്ഥലത്തെത്തിയ റെയിൽവേ സുരക്ഷാ സേനയും റെയിൽവേ പൊലീസും പ്രാഥമിക പരിശോധനകൾ നടത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.