അതൃപ്തി മാറാതെ ബിജെപി കേന്ദ്ര നേതൃത്വം: അനുനയിപ്പിക്കാൻ നിർമല; സംസ്ഥാന ചുമതല നൽകിയേക്കും

Mail This Article
ചെന്നൈ ∙ സംസ്ഥാനത്ത് എൻഡിഎ സഖ്യം പിളർന്നതിനു പിന്നാലെ തമിഴ്നാട്ടിലെ ബിജെപിയുടെ പ്രധാന ചുമതല കേന്ദ്രമന്ത്രി നിർമല സീതാരാമന് ബിജെപി കേന്ദ്ര നേതൃത്വം കൈമാറിയേക്കും. സഖ്യം പിളർന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിനു നിർമല സീതാരാമൻ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. അണ്ണാഡിഎംകെ സഖ്യം വിട്ടതിലുള്ള ദേശീയ നേതൃത്വത്തിന്റെ അതൃപ്തി തുടരുകയാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയോട് സഖ്യം പിളരാനുള്ള കാരണത്തെക്കുറിച്ചു നേതൃത്വം വിശദീകരണം ചോദിച്ചു.
ഇതിനു പിന്നാലെയാണ്, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഏകോപനം അടക്കമുള്ള നിർണായക ചുമതല നിർമല സീതാരാമന് കൈമാറിയേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നത്.ഇതിനിടെ, അണ്ണാഡിഎംകെയുടെ പ്രധാന നേതാക്കളായ എംഎൽഎമാർ കോയമ്പത്തൂരിൽ നിർമലയുമായി കൂടിക്കാഴ്ച നടത്തിയതും ചർച്ചയായി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗത്തിൽ പങ്കെടുത്ത നിർമല സീതാരാമനൊപ്പം അണ്ണാഡിഎംകെയിലെ പ്രമുഖ എംഎൽഎമാർ വേദി പങ്കിട്ടു. ചടങ്ങിനു മുന്നോടിയായി ഇവർ കേന്ദ്രമന്ത്രിയെ സന്ദർശിച്ചത് ചർച്ചകൾക്കു വഴിയൊരുക്കി. മുതിർന്ന നേതാക്കളും എംഎൽഎമാരുമായ പൊള്ളാച്ചി വി.ജയരാമൻ, അമുൽ കന്തസാമി, എ.കെ.സെൽവരാജ് എന്നിവരാണു കൂടിക്കാഴ്ച നടത്തിയത്.
എൻഡിഎ സഖ്യത്തിലേക്ക് അണ്ണാഡിഎംകെയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ബിജെപി സജീവമാക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു കൂടിക്കാഴ്ച. അതേസമയം, രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും നാളികേര കർഷകരുടെ പ്രശ്നങ്ങൾ സംബന്ധിച്ചു നിവേദനം നൽകുന്നതിനാണ് മന്ത്രിയെ കണ്ടതെന്നും പൊള്ളാച്ചി ജയരാമൻ പറഞ്ഞു. കേന്ദ്രത്തോട് ഇക്കാര്യം മുൻപും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ തുടർച്ചയായാണ് കേന്ദ്രമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകരുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എൻഡിഎ വിടാനുള്ള തീരുമാനം എടുത്തതെന്ന് അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പറഞ്ഞു. മുന്നണി വിട്ടതിനു ശേഷം ആദ്യമായിട്ടാണ് എടപ്പാടി പ്രതികരിക്കുന്നത്.അതേസമയം, നാളെ അണ്ണാമലൈയുടെ അധ്യക്ഷതയിൽ ബിജെപി യോഗം ചേരും. വൈകിട്ട് 5ന് അമിഞ്ചിക്കരയിൽ നടക്കുന്ന യോഗത്തിനു ശേഷം സഖ്യം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ അണ്ണാമലൈ അറിയിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ പറഞ്ഞു. ജില്ലാ പ്രസിഡന്റുമാർ അടക്കമുള്ള പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുക്കുമെന്നും പറഞ്ഞു.