ചെന്നൈ – ബെംഗളൂരു വന്ദേഭാരത് ഇന്ന്; നാളെ രാത്രി മടക്കം; പൂർണമായും രാത്രി സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത്

Mail This Article
ചെന്നൈ ∙ വന്ദേഭാരത് ട്രെയിനിന്റെ പ്രത്യേക രാത്രി സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ സെൻട്രലിൽ നിന്നു ബെംഗളൂരു യശ്വന്ത്‌പുര സ്റ്റേഷനിലേക്കാണ് രാത്രി സർവീസ് പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് 5.15ന് സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും. നാളെ രാത്രി 11ന് യശ്വന്ത്പുരയിൽ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 4.30ന് ചെന്നൈ സെൻട്രലിലെത്തും.
പൂർണമായും രാത്രി സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിനായിരിക്കും ഇത്. 8 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. കാട്പാടിയിൽ മാത്രമാണ് സ്റ്റോപ്. ദീപാവലി തിരക്കു കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച വന്ദേഭാരതിന്റെ 4 സ്പെഷൽ സർവീസുകൾ ദക്ഷിണ റെയിൽവേ നടത്തിയിരുന്നു.
യാത്രക്കാരുടെ പ്രതികരണം അറിയാൻ കൂടി ലക്ഷ്യമിട്ടാണ് സർവീസ് നടത്തുന്നത്. നിലവിൽ ചെന്നൈയിൽ നിന്ന് ബെംഗളൂരു, കോയമ്പത്തൂർ, തിരുനെൽവേലി, വിജയവാഡ എന്നിവിടങ്ങളിലേക്ക് ഓരോ സർവീസും തിരുവനന്തപുരം – കാസർകോട് റൂട്ടിൽ രണ്ട് സർവീസുമാണ് ദക്ഷിണ റെയിൽവേയ്ക്കു കീഴിൽ വന്ദേഭാരത് നടത്തുന്നത്.