ADVERTISEMENT

ചെന്നൈ ∙ പരമ്പരാഗത രീതികളിൽ നിന്നു വ്യത്യസ്തമായി ആടിയും പാടിയും കവിതകളും കഥകളും അവതരിപ്പിച്ചും ചർച്ചകൾ നടത്തിയും പരീക്ഷയെ വേറിട്ട അനുഭവമാക്കി മലയാളം മിഷൻ പഠനോത്സവം. രണ്ടു കൊല്ലത്തോളം നീണ്ട ഭാഷാപഠനത്തിന്റെ മൂല്യം അളക്കാൻ ഒരുക്കിയ പഠനോത്സവം പേരുപോലെ തന്നെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പഠിതാക്കളുടെ സംശയ നിവാരണത്തിനായി പരീക്ഷാ ചുമതലയുള്ള അധ്യാപകർ സജീവമായി രംഗത്തുണ്ടായിരുന്നു. നിരീക്ഷകരായ അധ്യാപകർ ഓരോ ചോദ്യവും വായിച്ച് വിശദീകരിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. പഠനോത്സവത്തിന്റെ ഒരു ഘട്ടത്തിലും പഠിതാവിനു നിരാശയോ വിരസതയോ തോന്നുന്ന സാഹചര്യം ഉണ്ടാകാത്ത തരത്തിലാണ് പരീക്ഷകൾ ആസൂത്രണം ചെയ്തിരുന്നത്. ഈ മാതൃക പരീക്ഷാർഥികളിൽ ആത്മവിശ്വാസം വളർത്തുമെന്നും കൂടുതൽ അറിവു നേടാൻ പ്രേരണ നൽകുമെന്നും മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു.

ചെന്നൈ കേന്ദ്രത്തിലെ പഠനോത്സവം മദിരാശി കേരള വിദ്യാലയത്തിൽ മലയാളം മിഷൻ തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ് എ.വി.അനൂപ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ കൺവീനർ പി.ആർ.സ്മിത, സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.പി.ദാമോദരൻ, മദിരാശി കേരള സമാജം സെക്രട്ടറി ടി.അനന്തൻ, പഠിതാവും സിനിമാനടിയുമായ എം.വി.നമൃത, പെരമ്പൂർ മേഖലാ കോഓർഡിനേറ്റർ ജോഷി കുറ്റിക്കാടൻ, വി.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പഠിതാക്കളെ പരീക്ഷാ കേന്ദ്രത്തിലേക്കു വരവേറ്റത്. ഉണ്ണിയപ്പവും വിതരണം ചെയ്തു. 

ചെന്നൈ കേന്ദ്രത്തിൽ മലയാളം മിഷൻ പഠനോത്സവത്തിന് എത്തിയവരിൽ ഏറ്റവും മുതിർന്ന പഠിതാവ് തിരുവാണ്മിയൂർ പഠനകേന്ദ്രത്തിലെ എം.കൃഷ്ണൻ പരീക്ഷയെഴുതുന്നു.  പഠനോത്സവത്തിലെ കണിക്കൊന്ന പരീക്ഷ എഴുതുന്ന കുട്ടികളാണ് രണ്ടാമത്തെ ചിത്രത്തിൽ.
ചെന്നൈ കേന്ദ്രത്തിൽ മലയാളം മിഷൻ പഠനോത്സവത്തിന് എത്തിയവരിൽ ഏറ്റവും മുതിർന്ന പഠിതാവ് തിരുവാണ്മിയൂർ പഠനകേന്ദ്രത്തിലെ എം.കൃഷ്ണൻ പരീക്ഷയെഴുതുന്നു. പഠനോത്സവത്തിലെ കണിക്കൊന്ന പരീക്ഷ എഴുതുന്ന കുട്ടികളാണ് രണ്ടാമത്തെ ചിത്രത്തിൽ.

ചെന്നൈക്കു പുറമേ കൂടംകുളം, തിരുച്ചിറപ്പള്ളി, ഈറോഡ്, കൽപാക്കം, ഹൊസൂർ, തിരുനെൽവേലി എന്നിവിടങ്ങളിലും പഠനോത്സവങ്ങൾ നടന്നു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ വിഭാഗങ്ങളിലായി ചാപ്റ്ററിൽ ആകെ 538 പേർ പരീക്ഷയെഴുതി. ആമ്പൽ, നീലക്കുറിഞ്ഞി വിഭാഗങ്ങളിലേക്കുള്ള ലാറ്ററൽ എൻട്രിക്കായി 26 പേരാണ് പരീക്ഷയെഴുതിയത്. ചെന്നൈ കേന്ദ്രത്തിൽ മാത്രം 343 പഠിതാക്കൾ പരീക്ഷയ്ക്കെത്തി. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ തിരുവനന്തപുരത്തെ മലയാളം മിഷൻ ഓഫിസിലേക്ക് അയയ്ക്കുമെന്നും ഒരു മാസത്തിനകം പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.

നമൃത
നമൃത

സിനിമ വഴി മലയാളത്തിൽ
തമിഴ് നടി നമൃതയും പരീക്ഷയ്ക്കെത്തിയിരുന്നു. മറ്റൊരു ഭാഷ പഠിക്കാൻ സാധിക്കുന്നതിന്റെ ആവേശവും മലയാളത്തോടുള്ള പ്രിയവും കണിക്കൊന്ന പരീക്ഷയ്ക്കെത്തിയ നമൃത പങ്കുവച്ചു. ചെത്പെട്ട് മലയാളി ക്ലബ് പഠനകേന്ദ്രത്തിലെ വിദ്യാർഥിയായ നമൃതയ്ക്ക് മലയാളം പഠിക്കാൻ പ്രചോദനമായത് വേല സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അവസരമായിരുന്നു. മലയാളം മിഷൻ ‘കണിക്കൊന്ന’ പഠനം തുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന ചുരുങ്ങിയ പ്രായം 6 വയസ്സാണ്. ഇവർ 2 വർഷത്തെ പഠനശേഷം 8 വയസ്സിൽ പരീക്ഷയ്ക്കെത്തും. പ്രഫഷനൽ യോഗ്യതകളുള്ളവരും  പ്രായമേറിയവരുമുൾപ്പെടെ വിവിധതരം വിദ്യാർഥികൾ മലയാളം മിഷനുണ്ട്. തിരുവാണ്മിയൂർ പഠന കേന്ദ്രത്തിൽ നിന്നുള്ള 87 വയസ്സുകാരൻ എം.കൃഷ്ണനായിരുന്നു കൂട്ടത്തിലെ കാരണവർ. മലയാളി ക്ലബ് പഠനകേന്ദ്രത്തിലെ  വി.ചിത്രനാഥ് (74),  വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ (75) തുടങ്ങിയവരും പ്രായം കണക്കിലെടുക്കാതെ മാതൃഭാഷാ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷയ്ക്കെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com