ദർശനപുണ്യം തേടി യാത്ര; സഹായത്തിന് ‘അയ്യൻ’ ആപ്

Mail This Article
ചെന്നൈ ∙ കാടും മലയും താണ്ടി ശബരീശ സന്നിധിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് വഴികാട്ടിയായി ‘അയ്യൻ’ ആപ്ലിക്കേഷൻ. കാനന പാതയെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ഉൾപ്പെടുത്തി കേരള വനം വകുപ്പ് പുറത്തിറക്കിയ ആപ് തീർഥാടകർക്കു വലിയ സഹായമായി മാറുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകളിൽ ലഭ്യമാണ്. പരമ്പരാഗത കാനന പാതയിലൂടെ എത്തുന്ന ഭക്തർക്ക്, പ്രത്യേകിച്ചും ആദ്യമായി വരുന്നവർക്ക് ആപ്പിലെ വിവരങ്ങൾ കാര്യമായി ഉപകരിക്കും. വനം വകുപ്പ്, കാനന വഴിയിലെ വൈദ്യസഹായം, അഗ്‌നിരക്ഷാസേന എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും തീർഥാടനത്തിനിടെ പാലിക്കേണ്ട കാര്യങ്ങളടങ്ങിയ മാർഗരേഖയും ലഭ്യമാണ്.
പെരിയാർ വന്യജീവി സങ്കേതം, പമ്പ, ശബരിമല ക്ഷേത്രം, സന്നിധാനം, ദർശന സമയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുമുണ്ട്. ചില പാതകളിൽ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ, അടിയന്തര ഘട്ടങ്ങളിൽ വിളിക്കുന്നതിനുള്ള ഹെൽപ്‌ലൈൻ നമ്പർ എന്നിവയും നൽകിയിട്ടുണ്ട്. ഓൺലൈനായും ഓഫ്‌ലൈനായും പ്രവർത്തിക്കുന്ന ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം. കാനന പാതകളുടെ പ്രവേശന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അതേസമയം, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ക്ഷേത്രം വെബ്സൈറ്റിലും ലഭ്യമാണ്. പൂജ ബുക്കിങ്, പൂജ സമയം, വഴിപാട് നിരക്ക്, താമസം, വെർച്വൽ ക്യൂ, കലണ്ടർ, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, തീർഥാടകർ പാലിക്കേണ്ട പൊതു നിർദേശങ്ങൾ എന്നിവയ്ക്കു പുറമേ ക്ഷേത്രത്തെ കുറിച്ചുള്ള വിവരണവും സമീപത്തെ മറ്റു പ്രധാന ക്ഷേത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. https://sabarimala.kerala.gov.in