ADVERTISEMENT

ചെന്നൈ ∙ ഏറെ ഉപഭോക്താക്കളുള്ള, ആവിന്റെ ‘ഗ്രീൻ മാജിക്’ പാൽ പിൻവലിച്ച് ‘ഡിലൈറ്റ്’ പാൽ അവതരിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ തീരുമാനം അപ്രഖ്യാപിത വിലവർധനയ്ക്കുള്ള നീക്കമാണെന്നാണ് ആരോപണം. ഗ്രീൻ മാജിക്കിന്റെ വിൽപന 25ന് അവസാനിപ്പിക്കാനാണ് ആവിൻ തീരുമാനം. കൊഴുപ്പു കൂടുതലുള്ള പാൽ പിൻവലിച്ച് അതേ വിലയിൽ കൊഴുപ്പു കുറഞ്ഞ പാൽ നൽകാനുള്ള നീക്കം പാലിൽ വെള്ളം ചേർക്കുന്നതിനു സമമാണെന്നും വിമർശനമുണ്ട്.

പോഷക സമൃദ്ധമെന്ന് വിശദീകരണം
വൈറ്റമിൻ എ, ഡി എന്നിവ അധികമായി ചേർത്തിട്ടുള്ളതിനാൽ ഡിലൈറ്റ് പാൽ പോഷക സമൃദ്ധമാണെന്നാണ് ആവിന്റെ വിശദീകരണം. നിലവിൽ, കൊഴുപ്പ് കുറഞ്ഞ, നീല പാക്കറ്റിൽ വിൽക്കുന്ന ടോൺഡ് പാലിന് ലീറ്ററിന് 40 രൂപയും കൊഴുപ്പ് അധികമുള്ള, പച്ച പായ്ക്കറ്റിലെ സ്റ്റാൻഡേഡൈസ്ഡ് പാലിന് 44 രൂപയും ഏറ്റവും കൂടുതൽ കൊഴുപ്പുള്ള, ഓറഞ്ച് പായ്ക്കറ്റിലെ പാലിന് 60 രൂപയുമാണ് ചില്ലറ വിൽപന വില. ആവിന്റെ ഉപഭോക്തൃ കാർഡുടമകൾക്ക് ഇവ യഥാക്രമം 37, 42, 46 രൂപ നിരക്കിലാണ് നൽകുന്നത്. പാലിലെ കൊഴുപ്പിന്റെ അളവ് കുറച്ച്‌, വൈറ്റമിനുകൾ ചേർത്ത് പർപ്പിൾ പാക്കറ്റിൽ ഡിലൈറ്റ് പാലായി 44 രൂപയ്ക്കു വിൽക്കാനാണ് ആവിൻ പദ്ധതി.

ആവിൻ ഉപഭോക്താക്കൾക്കായി ഡിലൈറ്റ് മിൽക് കാർഡുകൾ ഉടൻ പുറത്തിറക്കുമെന്നും അധിക‍ൃതർ പറഞ്ഞു. ഗ്രീൻ മാജിക്കിന്റെ അതേ വിലയിൽ ലീറ്ററിന് 42 രൂപയ്ക്കായിരിക്കും കാർഡുടമകൾക്ക് ഡിലൈറ്റ് പാൽ നൽകുക. ഡിസംബർ 1 മുതൽ കാർഡുകൾ വിതരണം ചെയ്യാൻ ആരംഭിക്കും. ഡിസംബർ 16 മുതൽ കാർഡുടമകൾക്ക് ഡിലൈറ്റ് പാൽ ലഭിച്ചു തുടങ്ങും. നിലവിൽ ഗ്രീൻ മാജിക് കാർഡുകൾ ഉപയോഗിക്കുന്നവർ ഡിസംബർ 1നു മുൻപായി മറ്റേതെങ്കിലും പാലിന്റെ കാർഡുകളിലേക്ക് മാറണം. 25 മുതൽ ചില്ലറ വിപണിയിൽ ഗ്രീൻ മാജിക് വിൽപന അവസാനിപ്പിക്കുമെങ്കിലും കാർഡുടമകൾക്കുള്ള വിതരണം ഡിസംബർ 15 വരെ തുടരുമെന്നും ആവിൻ അധിക‍ൃതർ പറഞ്ഞു.

കൊഴുപ്പ് കുറച്ചിട്ടും വില കുറയ്ക്കാതെ
പച്ച പാക്കറ്റുകളിൽ ലഭിക്കുന്ന ‘ഗ്രീൻ മാജിക്’ പാലിലെ കൊഴുപ്പിന്റെ അളവ് 4.5 ശതമാനമാണ്. ഇതിനു പകരമായി പർപ്പിൾ പാക്കറ്റുകളിൽ പുറത്തിറക്കിയിട്ടുള്ള ‘ഡിലൈറ്റ്’ പാലിൽ 3.5 ശതമാനം കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. 

രണ്ടിന്റെയും വില ലീറ്ററിന് 42 രൂപയാണ്. 
ചുരുക്കത്തിൽ കൊഴുപ്പു കൂടിയ പാലിന്റെ വിലയ്ക്ക് കൊഴുപ്പു കുറഞ്ഞ പാൽ വിൽക്കാനുള്ള തന്ത്രമാണ് ആവിൻ നടപ്പിലാക്കുന്നതെന്നാണ് വിലയിരുത്തൽ.‍‍പാലിലെ കൊഴുപ്പിന്റെ അളവ് 4.5 ശതമാനമായി ഏകീകരിക്കുന്നതിന് പ്രതിമാസം 65 കോടി രൂപ മുതൽ 70 കോടി രൂപ വരെ വെണ്ണയാണ് ആവിൻ വാങ്ങുന്നത്. ഓരോ വർഷവും ശരാശരി 840 കോടി രൂപയാണ് ഈ ഇനത്തിൽ ആവിനു ചെലവാകുന്നത്.  കൊഴുപ്പു കുറഞ്ഞ പാൽ നൽകുന്നതിലൂടെ വെണ്ണ വാങ്ങുന്ന ചെലവ് കുറയ്ക്കാമെന്നും വരുമാനം നഷ്ടമുണ്ടാകില്ലെന്നുമാണ് ആവിൻ അധിക‍ൃതർ കണക്കുകൂട്ടുന്നത്.

പരിശോധന നടത്തി അണ്ണാമലൈ; പാലിന് കൊഴുപ്പ് കുറവ്
ചെന്നൈ ∙ ആവിൻ പാലിന്റെ ഗുണനിലവാര പരിശോധനാ ഫലം പുറത്തുവിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ. പരിശോധിച്ച സാംപിളുകളിൽ നിശ്ചിത അളവ് കൊഴുപ്പ് ഇല്ലെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടത്തിയ പരിശോധനയിൽ കണ്ടെത്തിയതെന്ന് അണ്ണാമലൈ പറഞ്ഞു. 6 ശതമാനം കൊഴുപ്പു വേണ്ട ഫുൾ ക്രീം പാലിൽ 4.79 ശതമാനം കൊഴുപ്പു മാത്രമാണ് ഉള്ളതെന്ന് അണ്ണാമലൈ പറഞ്ഞു. പാലിലെ കൊഴുപ്പിന്റെ അളവ് കുറച്ച് ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com