ചെന്നൈ നഗരത്തിലെ ബസ് യാത്രാ രീതിയിൽ വൻ മാറ്റം; ഡിജിറ്റൽ ടിക്കറ്റ് പരീക്ഷണത്തിന് ഡബിൾ ബെൽ
Mail This Article
ചെന്നൈ ∙ നഗരത്തിലെ ബസ് യാത്രാ രീതികളിൽ വലിയ മാറ്റത്തിനു വഴിയൊരുക്കി ഡിജിറ്റൽ ടിക്കറ്റ് സംവിധാനം നടപ്പാക്കുന്നു. ടിക്കറ്റ് എടുക്കാൻ യുപിഐ, കാർഡ് എന്നിവ വഴി പണം അടയ്ക്കുന്നതിനുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ എംടിസി ബസുകളിൽ ആരംഭിച്ചു. പരീക്ഷണം വിജയിക്കുകയാണെങ്കിൽ മുഴുവൻ എംടിസി ബസുകളിലേക്കും വ്യാപിപ്പിക്കും.
ടച്ച് സ്ക്രീൻ റെഡി; ഡിജിറ്റൽ റൂട്ടെടുത്ത് എംടിസിയും
ബസ് കണ്ടക്ടർമാരുടെ കൈവശമുള്ള ടച്ച്സ്ക്രീൻ ഉപകരണം വഴിയാണ് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത്. യാത്ര പുറപ്പെടുന്ന സ്റ്റേഷന്റെയും ഇറങ്ങേണ്ട സ്റ്റേഷന്റെയും വിവരങ്ങൾ നൽകിയ ശേഷം ഉപകരണത്തിൽ തന്നെയുള്ള ക്യുആർ കോഡ് സ്കാനിങ്, ഗൂഗിൾ പേ, ഫോൺ പേ, കാർഡ് വഴി പണം അടയ്ക്കൽ എന്നീ ഓപ്ഷനുകൾ ലഭ്യമാണ്.
നിലവിൽ പല്ലാവരം ഡിപ്പോയ്ക്കു കീഴിൽ ഓടുന്ന ബസുകളിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. മെട്രോ അടക്കമുള്ള നഗരത്തിലെ ഗതാഗത മാർഗങ്ങളിലെല്ലാം ഡിജിറ്റൽ പണമിടപാട് നേരത്തേ തന്നെയുണ്ട്. എംടിസി ബസുകളിലും ഇത് നടപ്പാക്കുന്നത് യാത്രക്കാർക്കു വലിയ ആശ്വാസമായി മാറും. ബസിൽ കയറിയ ശേഷം കൃത്യമായ ചില്ലറ ഇല്ലാതെ വലയുന്ന യാത്രക്കാർക്ക് ഇനി ടെൻഷനില്ലാതെ യാത്ര ചെയ്യാമെന്നതും ആശ്വാസമാണ്.
മാറ്റം പൂർണം; തെക്കോട്ടുള്ള ബസ് കിലാമ്പാക്കത്ത് നിന്ന്
തെക്കൻ ജില്ലകളിലേക്കുള്ള ടിഎൻഎസ്ടിസി ബസുകളും ഇന്ന് മുതൽ കിലാമ്പാക്കം ടെർമിനസിൽ നിന്നാകും പുറപ്പെടുക. ഇതോടെ തെക്കോട്ടുള്ള മുഴുവൻ ബസുകളുടെയും സർവീസ് ഇന്ന് മുതൽ പൂർണമായും കിലാമ്പാക്കത്ത് നിന്നായി. എസ്ഇടിസി, സ്വകാര്യ ബസുകളുടെ സർവീസ് നേരത്തേ തന്നെ ഇങ്ങോട്ടേക്കു മാറ്റിയിരുന്നു. ചെങ്കൽപെട്ട്, തിണ്ടിവനം വഴി തെക്കൻ ജില്ലകളിലേക്കു പോകുന്ന 710 ബസുകൾ കിലാമ്പാക്കത്ത് നിന്നു പുറപ്പെടും. ഇസിആർ വഴി പോകുന്ന ബസുകളും പൂനമല്ലി വഴി വെല്ലൂർ, ആമ്പൂർ, തിരുപ്പത്തൂർ, ഹൊസൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളും കോയമ്പേട് നിന്നു തന്നെ സർവീസ് തുടരും. സെങ്കുൺട്രം വഴി ആന്ധ്രയിലേക്കുള്ള 160 ബസുകൾ മാധവാരത്തു നിന്നാകും സർവീസ് നടത്തുക.
വിദ്യാർഥി വിളയാട്ടം അവസാനിപ്പിക്കും
വാതിൽപടിയിൽ തൂങ്ങി നിന്ന് വിദ്യാർഥികൾ യാത്ര ചെയ്യുന്നതു തടയാൻ സംവിധാനവുമായി എംടിസി. തൂങ്ങി നിൽക്കുന്നതു തടയുന്നതിനായി നഗരത്തിലെ ബസുകളിൽ മുൻ ഭാഗത്തും പിൻഭാഗത്തും വാതിലുകൾ സ്ഥാപിക്കും. കണ്ടക്ടർ സീറ്റിന്റെ ജനലിൽ ചില്ല് സ്ഥാപിച്ചു പൂർണമായി മറയ്ക്കുകയും ചെയ്യും. ബസുകളിൽ ഇപ്പോൾ വാതിൽ ഇല്ലാത്തതിനാൽ ഒട്ടേറെ വിദ്യാർഥികൾ പടിയിൽ തൂങ്ങി നിന്നാണു യാത്ര െചയ്യുന്നത്.
പടിയോടു ചേർന്നുള്ള കൈവരിയിലും കണ്ടക്ടർ സീറ്റിന്റെ ജനലിന്റെ കൈവരിയിലും പിടിച്ചാണ് ഇത്തരത്തിൽ യാത്ര ചെയ്യുന്നത്. ഇത്തരം യാത്രയ്ക്കിടെ പടിയിൽ നിന്നു വീണ് വിദ്യാർഥികൾക്കു പരുക്കേൽക്കാറുണ്ട്.കൂട്ടത്തോടെ വാതിലിൽ നിൽക്കുകയും ബഹളം ഉണ്ടാക്കുകയും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നത് എംടിസി കണ്ടക്ടർമാർക്കു വലിയ തലവേദന ഉണ്ടാക്കുന്നു. ബസുകളിൽ തൂങ്ങി നിന്നുള്ള സാഹസിക പ്രകടനം പാടില്ലെന്ന് പൊലീസ് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലം ഉണ്ടാകാത്തതിനെ തുടർന്നാണ് എംടിസി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്.