ADVERTISEMENT

ചെന്നൈ ∙ ബിഎസ്പി തമിഴ്നാട് അധ്യക്ഷൻ കെ.ആംസ്ട്രോങ് (52) കൊല്ലപ്പെട്ട സംഭവത്തിൽ 8 പേരെ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ കൊലപാതകമല്ലെന്നും ഗുണ്ടാസംഘവുമായി നിലനിന്ന തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിന്റെ പ്രതികാരമായാണ് ആംസ്ട്രോങ്ങിനെ വധിച്ചതെന്നും ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് പറഞ്ഞു.

ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്ന പെരമ്പൂർ വേണുഗോപാൽ സ്വാമി കോവിൽ സ്ട്രീറ്റിലെത്തിയ തോൾ. തിരുമാവളവൻ എംപി വിശദാംശങ്ങൾ ചോദിച്ചറിയുന്നു. ആംസ്ട്രോങ്ങിന്റെ പുതിയ വീടിന്റെ നിർമാണം നടക്കുന്നിടത്തായിരുന്നു അക്രമം.
ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്ന പെരമ്പൂർ വേണുഗോപാൽ സ്വാമി കോവിൽ സ്ട്രീറ്റിലെത്തിയ തോൾ. തിരുമാവളവൻ എംപി വിശദാംശങ്ങൾ ചോദിച്ചറിയുന്നു. ആംസ്ട്രോങ്ങിന്റെ പുതിയ വീടിന്റെ നിർമാണം നടക്കുന്നിടത്തായിരുന്നു അക്രമം.

5നു രാത്രി പെരമ്പൂരിലാണ് എട്ടംഗ സംഘം കൊല നടത്തിയത്. തുടർന്ന്, ബിഎസ്പി പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡ് അടക്കം ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതും സംഘർഷത്തിനിടയാക്കി. 

സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ ബിഎസ്പി ദേശീയ അധ്യക്ഷ മായാവതി ഇന്നു ചെന്നൈയിലെത്തും. ആരുദ്ര ഗോൾഡ് തട്ടിപ്പുകേസിൽ ഇരയായവർക്കു വേണ്ടി ആംസ്ട്രോങ്ങും അണികളും രംഗത്തെത്തിയതോടെ നഗരത്തിലെ പ്രമുഖ ഗുണ്ടാ നേതാവ് ആർക്കോട്ട് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇവർക്കെതിരെ തിരിഞ്ഞു.

കെ.ആംസ്ട്രോങ്
കെ.ആംസ്ട്രോങ്

ഇരു സംഘങ്ങളും തമ്മിൽ പലയിടത്തും ഏറ്റുമുട്ടി. കഴിഞ്ഞ വർഷം ആർക്കോട്ട് സുരേഷിനെ ചിലർ വെട്ടിക്കൊന്നതോടെ സംഘർഷം രൂക്ഷമായി. കൊല നടത്തിയ സംഘത്തിന് എല്ലാ സഹായവും നൽകിയത് ആംസ്ട്രോങ് ആയിരുന്നെന്ന് ആരോപണം ഉയർന്നു. ഇതോടെ എതിർവിഭാഗം പകവീട്ടാൻ പദ്ധതികളൊരുക്കി. ഓട്ടോഡ്രൈവറുടെ വേഷത്തിൽ തിരുമലയെന്ന ഗുണ്ട ഒരാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമായിരുന്നു സംഘം ചേർന്നുള്ള കൊല.

പെരമ്പൂരിൽ പുതിയ വീടിന്റെ നിർമാണം നടക്കുന്ന സ്ഥലത്തെത്തിയ ആംസ്ട്രോങ് സുഹൃത്തുക്കളുമായി സംസാരിക്കവെ ഓൺലൈൻ ഭക്ഷണ ഡെലിവറി സംഘമെന്ന വ്യാജേന എത്തിയവരാണു വെട്ടിവീഴ്ത്തിയത്. തുടർന്നു ബൈക്കിലെത്തിയവരും തുടരെ വെട്ടി. ചെവി അടക്കം വേർപെട്ട നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം കണ്ട സിനിമാ സംവിധായകൻ പാ.രഞ്ജിത്ത് പൊട്ടിക്കരഞ്ഞു. 

സംഘാംഗങ്ങളിൽ 2 പേരെ പൊലീസ് പിടികൂടിയതോടെ മറ്റുള്ളവരും കീഴടങ്ങി. കൊല്ലപ്പെട്ട ആർക്കോട്ട് സുരേഷിന്റെ സഹോദരനായ പൊന്നൈ ബാലയാണു പ്രതികളിൽ പ്രധാനി. സുരേഷിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ആംസ്ട്രോങ്ങിനെ വധിച്ചത്. ഇതിനായി വിപുലമായ ആസൂത്രണം നടത്തിയതായും ബാല മൊഴി നൽകി. ചില കേസുകളിൽ പ്രതിയായിരുന്നെങ്കിലും ആംസ്ട്രോങ്ങിന് വധ ഭീഷണിയുണ്ടെന്നു മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നു കമ്മിഷണർ വ്യക്തമാക്കി.

കൊലപാതകം നടന്നു മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റു ചെയ്തതായും തക്ക ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രാഹുൽഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ കൊലപാതകത്തെ അപലപിച്ചു. ആംസ്ട്രോങ്ങിന്റെ മൃതദേഹം  പെരുമ്പൂരിലെ പാർട്ടി ഓഫിസിൽ സംസ്കരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ദലിതർക്കായി പ്രവർത്തനം
ചെന്നൈ ∙ സ്കൂൾ കാലം മുതൽ രാഷ്ട്രീയത്തിൽ താൽപരനായിരുന്ന ആംസ്ട്രോങ് ദലിത് വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. പാർശ്വവൽകരിക്കപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരുപ്പതി വെങ്കിടേശ്വര സർവകലാശാലയിൽ നിയമപഠനം പൂർത്തിയാക്കിയതിനു പിന്നാലെ 2000 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട്.

അംബേദ്കറുടെ തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2006ൽ ഡോ.ഭീംറാവു ദലിത് അസോസിയേഷൻ രൂപീകരിച്ചു. അതേ വർഷം ചെന്നൈ കോർപറേഷനിലേക്കു മത്സരിച്ചു വിജയിച്ചു. 2007 മുതലാണു ബിഎസ്പിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. 2011ൽ അമ്പത്തൂർ മണ്ഡലത്തിൽ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചു. 17 വർഷമായി സംസ്ഥാന പ്രസിഡന്റാണ്. പെരമ്പൂരിലെ വീടിന് സമീപം ബുദ്ധക്ഷേത്രവും നിർമിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com