വിമാനത്താവളം; വാഹനങ്ങൾ നിർത്തുന്നത് ദൂരെ പാർക്കിങ്ങിൽ ആശങ്ക

Mail This Article
ചെന്നൈ ∙ വിമാനത്താവളത്തിൽ യാത്രക്കാരെ കയറ്റുന്നതിനായി എത്തുന്ന ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവ നിർത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം വലിയ പ്രതിസന്ധിയാകുന്നു. വാഹനങ്ങളിൽ കയറുന്നതിനുള്ള പ്രത്യേക സ്ഥലത്തേക്കു നടന്നു പോകുന്നത് ബുദ്ധിമുട്ടായി മാറുന്നുവെന്നാണു യാത്രക്കാരുടെ പരാതി. അതേസമയം യാത്രക്കാരുടെ ആവശ്യപ്രകാരം, പാർക്കിങ്ങിന് അനുവാദമില്ലാത്ത സ്ഥലങ്ങളിൽ നിർത്തിയാൽ കനത്ത പിഴ ഒടുക്കേണ്ടി വരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു.
ലഗേജുമായി ദുരിതയാത്ര
ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ വീട്ടിലേക്കും മറ്റാവശ്യങ്ങൾക്കുമായി ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് വാഹനം മാത്രമല്ല, പ്രതിസന്ധി കൂടിയാണ്. യാത്രക്കാരെ കയറ്റുന്നതിനായി, കൊടിമരത്തിനു സമീപമാണു വാഹനങ്ങൾക്കു പ്രത്യേക സ്ഥലം അനുവദിച്ചിട്ടുള്ളത്. എന്നാൽ ടെർമിനലിൽ നിന്ന് 200 മീറ്റർ അകലെയുള്ള സ്ഥലത്തേക്കു വലിയ ലഗേജുമായി നടക്കേണ്ട അവസ്ഥ ഏറെ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാർ പറയുന്നു. ഇതിനു പകരം, ഡിപ്പാർച്ചർ ടെർമിനലിനു മുൻപിലെ എലിവേറ്റഡ് ഇടനാഴിയിലേക്കു വരാനാണു മിക്ക യാത്രക്കാരും ഡ്രൈവർമാരോട് ആവശ്യപ്പെടുന്നത്.
അതേസമയം, ഈ ഇടനാഴിയിൽ യാത്രക്കാരെ ഇറക്കാൻ മാത്രമാണ് അനുമതിയെന്നതിനാൽ കയറ്റാനായി വരുന്ന വാഹനങ്ങൾക്ക് 500 രൂപയാണു പിഴ ഈടാക്കുന്നത്. അതിനാൽ യാത്രക്കാർ എത്ര ആവശ്യപ്പെട്ടാലും ഡ്രൈവർമാർ ഇങ്ങോട്ടു വരാൻ മടിക്കും. 500 രൂപ കൂടി ചേർത്തുള്ള നിരക്ക് നൽകാൻ യാത്രക്കാർ തയാറാണെങ്കിൽ മാത്രമാണു ടാക്സി വാഹനങ്ങൾ ഇടനാഴിയിലേക്കു വരുന്നത്. അതേസമയം, ഇടനാഴിയിൽ യാത്രക്കാരെ ഇറക്കാൻ മാത്രമാണ് അനുമതിയുള്ളതെന്ന ബോർഡ് വ്യക്തമായി കാണുന്ന രീതിയിൽ സ്ഥാപിച്ചിട്ടില്ലെന്നും ഇതറിയാതെ എത്തുന്ന ഡ്രൈവർമാരും സ്വകാര്യ വാഹനങ്ങളും പിഴ കൊടുക്കേണ്ട സ്ഥിതിയാണെന്നും ആരോപണം ഉയരുന്നു.
ലേസറുകൾക്കെതിരെ കർശന നടപടി
വിമാനത്തിനു നേരെ ലേസർ രശ്മികൾ അടിക്കുന്നതു ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നു വിമാനത്താവള അധികൃതർ മുന്നറിയിപ്പ് നൽകി. വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തി നിയമവിരുദ്ധമാണെന്നും പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു.