ആരാധനാലയത്തോടും വിദ്യാലയത്തോടും ചേർന്ന് മദ്യശാല: ടാസ്മാക് കട തുറക്കുന്നത് തടഞ്ഞ് മലയാളി
Mail This Article
ചെന്നൈ ∙ ആരാധനാലയത്തിനും വിദ്യാലയത്തിനും സമീപം ടാസ്മാക് കട തുറക്കാനുള്ള നീക്കത്തെ നിയമപോരാട്ടത്തിലൂടെ തടഞ്ഞ് മലയാളി വ്യവസായി. പത്തനംതിട്ട ഇടയാറന്മുള മലങ്കരയിൽ കുടുംബ വേരുകളുള്ള തൊണ്ടയാർപെട്ട് സ്വദേശി ജിജി മാത്യുവാണ് തിരുവൊട്ടിയൂർ രാമാനുജം നഗറിൽ മദ്യശാല തുറക്കാനുള്ള നീക്കം രണ്ടര വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ തടഞ്ഞത്.
നോർത്ത് മദ്രാസ് മാർത്തോമ്മാ പള്ളിയുടെയും ബാലവാടിയുടെയും സമീപത്താണു ടാസ്മാക് കട തുറക്കാൻ നീക്ക ംആരംഭിച്ചത്. 600ലേറെ കുടുംബങ്ങൾ താമസിക്കുന്ന തെരുവിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന് മദ്യശാല സ്ഥാപിക്കുന്നത് പ്രദേശവാസികൾക്കു ശല്യമാകുമെന്ന് മനസ്സിലാക്കിയ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, പള്ളി സെക്രട്ടറിയായിരുന്ന ജിജിയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. രാമാനുജം നഗർ റസിഡന്റ്സ് അസോസിയേഷൻ തുണയായി കൂടെ നിന്നെന്ന് ജിജി പറഞ്ഞു.
ആരാധനാലായത്തിനും വിദ്യാഭ്യാസ സ്ഥാപനത്തിനും 50 മീറ്ററിനുള്ളിൽ മദ്യശാല പാടില്ലെന്ന നിബന്ധന അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജില്ലാ കലക്ടർക്കും ടാസ്മാക് എംഡിക്കും പരാതി നൽകിയെങ്കിലും മറുപടി ലഭിക്കാതായതോടെ പൊതു താൽപര്യ ഹർജിയുമായി ജിജി ഹൈക്കോടതിയെ സമീപിച്ചു. മൂന്നു തവണ ശ്രമിച്ചാണ് അനുകൂല ഉത്തരവ് നേടിയത്.
കോടതി നിർദേശത്തെ തുടർന്ന് പ്രൊഹിബിഷൻ കമ്മിഷണർക്ക് നൽകിയ പരാതിയാണ് ഒടുവിൽ ഫലം കണ്ടത്. ജിജിയുടെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും വാദങ്ങൾ കേട്ട പ്രൊഹിബിഷൻ കമ്മിഷണർ, രാമാനുജം നഗറിൽ മദ്യശാല ആരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ഉത്തരവിടുകയായിരുന്നു.