വി.സി നിയമനം വൈകുന്നു; നാഥനില്ലാതെ മദ്രാസ് സർവകലാശാല, സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ല
Mail This Article
ചെന്നൈ ∙ മദ്രാസ് സർവകലാശാലയിൽ ഒരു വർഷമായി പുതിയ വി.സിയെ നിയമിക്കാത്തതിനാൽ പെരുവഴിയിലായി വിദ്യാർഥികൾ. വിവിധ കോഴ്സുകൾ പൂർത്തിയാക്കിയിട്ടും സർട്ടിഫിക്കറ്റ് ലഭിക്കാതെ അരലക്ഷത്തിലേറെ വിദ്യാർഥികളാണു പ്രതിസന്ധിയിലായത്. സർട്ടിഫിക്കറ്റ് എന്നു ലഭിക്കുമെന്ന ചോദ്യത്തിന് ‘നാളെ’ എന്ന ഉത്തരം മാത്രമാണ് ലഭിക്കുന്നതെന്നും തുടർ വിദ്യാഭ്യാസവും പുതിയ ജോലിയും തടസ്സപ്പെടുന്ന സാഹചര്യമാണെന്നും മലയാളി വിദ്യാർഥികൾ പറയുന്നു.
കാത്തിരിപ്പ് എത്രനാൾ
രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സർവകലാശാലകളിലൊന്നിൽ കോഴ്സുകൾ പൂർത്തിയാക്കിയിട്ടും ആശങ്കയുടെ നടുവിലാണ് വിദ്യാർഥികൾ. മേയിലാണ് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയത്. നാലു മാസമായിട്ടും അവസാന രണ്ടു സെമസ്റ്ററുകളിലെ മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ലെന്ന് മലയാള വിഭാഗത്തിൽ നിന്നു ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർ പറയുന്നു. രണ്ടു പ്രതിസന്ധികളാണ് അഭിമുഖീകരിക്കുന്നത്. എംഎ പഠനത്തിനു ശേഷം ബിഎഡ് അടക്കമുള്ള കോഴ്സികൾക്ക് പ്രവേശനം നേടാൻ, കോളജിൽ നിന്നു ലഭിച്ച താൽക്കാലിക സർട്ടിഫിക്കറ്റാണ് നൽകിയത്.
വൈകാതെ കോളജിൽ നിന്നു സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോൾ എന്തു ചെയ്യുമെന്ന് ഇവർ ചോദിക്കുന്നു. ഗവേഷണ കോഴ്സുകൾക്കു ചേരാനും ജോലി നേടാനും സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ സാധിക്കുന്നില്ല. കോളജിൽ നിന്നു ലഭിച്ച കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ കോഴ്സ് പൂർത്തിയാക്കിയതായി കാണിക്കാമെന്നതു മാത്രമാണു മെച്ചമെന്നും വിദ്യാർഥികൾ പറയുന്നു.
വി.സി എവിടെ?
വൈസ് ചാൻസലറായിരുന്ന ഗൗരി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിരമിച്ചതോടെ പുതിയ വി.സിയെ കണ്ടെത്തുന്നതിനു ഗവർണറും സർവകലാശാല ചാൻസലറുമായ ആർ.എൻ.രവി സേർച് കമ്മിറ്റി രൂപീകരിച്ചു. യുജിസി അംഗത്തെ കൂടി ഉൾപ്പെടുത്തി രൂപീകരിച്ച സേർച് കമ്മിറ്റി സർക്കാരിന്റെ എതിർപ്പിനിടയാക്കി.
ഗവർണർ നിയമിച്ച കമ്മിറ്റിക്കു പകരം സിൻഡിക്കറ്റ് പ്രതിനിധി, സർക്കാർ പ്രതിനിധി, ഗവർണറുടെ പ്രതിനിധി എന്നിങ്ങനെ മൂന്നു പേർ അടങ്ങുന്ന കമ്മിറ്റി സർക്കാർ രൂപീകരിച്ചു. ഇതോടെ തർക്കം കോടതി കയറി. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ ഒരു വർഷമായി സർവകലാശാല നാഥനില്ലാത്ത അവസ്ഥയിലാണ്.