മാലിന്യംതള്ളൽ: പിഴത്തുക പലമടങ്ങ് കൂട്ടി; ചില്ലറയല്ല പിഴ
Mail This Article
ചെന്നൈ ∙ മാലിന്യം കത്തിക്കുന്നതിനും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനുമുൾപ്പെടെ ഉണ്ടായിരുന്ന പിഴത്തുക കോർപറേഷൻ പല മടങ്ങ് വർധിപ്പിച്ചു. തെരുവുകച്ചവടം അടക്കമുള്ള ഭക്ഷണശാലകൾ മാലിന്യക്കുപ്പകൾ സ്ഥാപിച്ചില്ലെങ്കിൽ നടപടി വരും.നഗരം മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണു കോർപറേഷന്റെ പുതിയ തീരുമാനം. അതേസമയം, കെട്ടിടനികുതി 6 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം നഗരവാസികൾക്കു തിരിച്ചടിയാകും. 2 വർഷം മുൻപ് ഗണ്യമായി വർധിപ്പിച്ചതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വർധിപ്പിക്കാനുള്ള നീക്കം.
കെട്ടിടത്തിൽ കൈ പൊള്ളും
കെട്ടിടനികുതി വീണ്ടും വർധിപ്പിക്കാനുള്ള കോർപറേഷൻ തീരുമാനം നഗരവാസികൾക്ക് ഇരുട്ടടി. 6 ശതമാനം വർധിപ്പിക്കാനാണ് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലെ തീരുമാനം. ഓരോ കെട്ടിടങ്ങൾക്കും പുതുക്കിയ നിരക്ക് എത്രയെന്ന കാര്യം ഉടൻ വ്യക്തമാകും. 2022 ഏപ്രിൽ 1നു നടപ്പാക്കിയ വർധന പ്രകാരം റസിഡൻഷ്യൽ കെട്ടിടങ്ങളുടെ നികുതി 50 ശതമാനം മുതൽ 150 ശതമാനം വരെ വർധിച്ചിരുന്നു.
അല്ലാത്തവയുടെ നികുതിയിൽ 100–200 ശതമാനമായിരുന്നു വർധന. ഓരോ കെട്ടിടത്തിന്റെയും വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാണു നിരക്ക് നിശ്ചയിക്കുക. കോർപറേഷന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വർധന. മറ്റു നികുതികൾ, സാധനങ്ങളുടെ വില എന്നിവയെല്ലാം വർധിച്ചിരിക്കെ കെട്ടിടനികുതി വീണ്ടും വർധിക്കുന്നത് നഗരവാസികൾക്കു വലിയ ബുദ്ധിമുട്ടാകും.
പിഴത്തുക വർധന ഒറ്റനോട്ടത്തിൽ (ബ്രാക്കറ്റിൽ പഴയ പിഴ)
∙ ഒരു ടൺ വരെയുള്ള നിർമാണ അവശിഷ്ടങ്ങൾ തള്ളിയാൽ പിഴ 5,000 രൂപ ( നിലവിൽ ഇത് 2,000 രൂപ).
∙ ശുചിമുറിമാലിന്യം അടക്കമുള്ളവ തള്ളിയാൽ 2,000 രൂപ (200 രൂപ).
∙ ഇറച്ചി മാലിന്യങ്ങൾ തള്ളിയാൽ 5,000 രൂപ (1,000 രൂപ).
∙ ഖരമാലിന്യം കത്തിച്ചാൽ 5,000 രൂപ (1,000 രൂപ).
∙ വ്യാപാരികൾ മാലിന്യക്കുപ്പ സ്ഥാപിച്ചില്ലെങ്കിൽ 1,000 രൂപ (100 രൂപ)
∙ പൊതുപരിപാടി നടത്തിയ ശേഷം 12 മണിക്കൂറിനകം മാലിന്യം നീക്കിയില്ലെങ്കിൽ പിഴ 5,000 രൂപ വരെ