ADVERTISEMENT

ചെന്നൈ ∙ മറുനാട്ടിലെത്തിയാലും കേരളീയരീതിയിൽ ഒരുക്കുന്ന കൗതുക വസ്തുക്കൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനാണ് മിക്ക മലയാളികൾക്കും ഇഷ്ടം.  നെറ്റിപ്പട്ടവും കഥകളിരൂപവും പോലുള്ള അലങ്കാരവസ്തുക്കൾക്കു പുറമേ തൂക്കുവിളക്കും ഉരുളിയുമെല്ലാം സ്വീകരണമുറികളെ ആകർഷകമാക്കും. പരമ്പരാഗത പാത്രങ്ങളും ഉപകരണങ്ങളും നാട്ടിൽനിന്ന് എത്തിച്ചാണ് പലരും വീടുകൾക്ക് മോടിപിടിപ്പിക്കുന്നത്. മറുനാടൻ മലയാളിയുടെ ഈ താൽപര്യം കണ്ടറിഞ്ഞ് നഗരത്തിലെ പല കടകളും ഇത്തരം വസ്തുക്കളുടെ വിൽപന ആരംഭിച്ചിട്ടുണ്ട്.

മുഗപ്പെയറിൽ താമസിക്കുന്ന തൃശൂർ സ്വദേശി ദേവിക കൃഷ്ണദാസിനെ പോലുള്ള ചിലർ നെറ്റിപ്പട്ടങ്ങളും മറ്റും ഇവിടന്ന് തന്നെയുണ്ടാക്കി വിൽക്കുന്നുണ്ട്. 3000 രൂപ മുതൽ വിലയുള്ള നെറ്റിപ്പട്ടങ്ങളാണ് ദേവിക നിർമിക്കുന്നത്. വലുപ്പത്തിനനുസരിച്ചാണ് വില. സ്വർണനിറത്തിൽ, വെള്ളി നിറത്തിൽ എന്നിങ്ങനെ വ്യത്യസ്തയിനങ്ങളും ലഭിക്കും. 2 നിറങ്ങളും ഇടകലർന്ന നെറ്റിപ്പട്ടങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്.

ആവഡിയിൽ ഫ്ലാറ്റ് വാങ്ങിയപ്പോൾ തന്നെ ഇന്റീരിയർ കേരളത്തനിമയിൽ ഒരുക്കണമെന്ന് ആഗ്രഹിച്ച കോഴിക്കോട് സ്വദേശി സുധീർഥൻ കണ്ടോത്ത്, അലങ്കാരത്തിനുള്ള വസ്തുക്കൾ നാട്ടിൽനിന്ന് തന്നെ എത്തിക്കുകയായിരുന്നു. പാലക്കാട് സ്വദേശിയായ ഭാര്യ ദീപ്തിയും നെറ്റിപ്പട്ട നിർമാണത്തിൽ വിദഗ്ധയായ ബന്ധുവും സഹായിച്ചു. നെറ്റിപ്പട്ടം സ്വീകരണമുറിയിലെ ചുമരിൽ സ്ഥാപിച്ചു.

മുറിയുടെ ഒരുവശത്തായി വച്ച സ്റ്റാൻഡിലാണ് ഉരുളിയും തൂക്കുവിളക്കും അടക്കമുള്ള പഴമയുടെ അടയാളങ്ങളായ വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് മാറിത്താമസിക്കുമ്പോൾ, ഗൃഹാതുരത്വവും നാടിന്റെ ഓർമകളും കാത്തുസൂക്ഷിക്കാൻ ഇത്തരത്തിലുള്ള അലങ്കാരവസ്തുക്കൾ സഹായിക്കുമെന്നും ഇവർ പറയുന്നു.

English Summary:

This article explores the trend of Malayalis living in Chennai decorating their homes with traditional Kerala handicrafts. It highlights the popularity of items like Nettipattams, Uruli, and Thookuvilakku, and the emotional connection they provide to their homeland.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com