ADVERTISEMENT

ചെന്നൈ ∙ മഴക്കാല ദുരിതങ്ങൾ കാരണം സംസ്ഥാനത്ത് ഒരു മരണം പോലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതരോട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിർദേശിച്ചു. മഴക്കാലത്തിനു മുന്നോടിയായി നടത്തേണ്ട അടിയന്തര പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് നിർദേശം. ഒക്ടോബർ 15ന് ശേഷം നഗരത്തിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കാലാവസ്ഥ അറിയാൻ ‘ടിഎൻ അലർട്ട്’ ആപ്
സംസ്ഥാനത്തെ കാലാവസ്ഥയുടെ തൽസമയ വിവരങ്ങൾ അറിയാൻ സഹായിക്കുന്ന ‘ടിഎൻ അലർട്ട്’ ആപ് പുറത്തിറക്കാൻ യോഗത്തിൽ തീരുമാനിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകൾ, നിലവിലെ സ്ഥിതിഗതികൾ, വിവിധ സ്ഥലങ്ങളിൽ പെയ്ത മഴയുടെ അളവ്, ജലസംഭരണികളിലെ ജലനിരപ്പ് തുടങ്ങിയവ ആപ്പിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് ചെന്നൈ, തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായത് കണക്കിലെടുത്ത് ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷ ഉറപ്പാക്കാൻ മേയറുടെ നിർദേശം
മഴവെള്ള ഓട നിർമാണത്തിനെടുത്ത കുഴിയിൽ വീണ് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ചെന്നൈ മേയർ ആർ.പ്രിയ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. വിവിധ പണികൾക്കായി കുഴികളെടുത്താലുടൻ ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും മേയർ പറഞ്ഞു.

നേരിയ മഴയ്ക്ക് സാധ്യത
അടുത്ത 2 ദിവസം നഗരത്തിൽ മിതമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മേഖലാ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈ അടക്കമുള്ള വടക്കൻ തീരദേശ ജില്ലകളിൽ വൈകിട്ടും രാത്രിയിലും മഴ പെയ്യും. അതേസമയം, സംസ്ഥാനത്തെ പശ്ചിമഘട്ട ജില്ലകളിൽ ഇടിയോടുകൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതർ പറഞ്ഞു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ, സാധാരണയിലും 18% കൂടുതൽ മഴ സംസ്ഥാനത്ത് പെയ്തതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ പെയ്യുന്ന മഴ വടക്കുകിഴക്കൻ കാലവർഷത്തിന്റെ ഭാഗമായാണ് കണക്കാക്കുക.

English Summary:

In preparation for the upcoming monsoon season and anticipated heavy rainfall, Tamil Nadu Chief Minister M.K. Stalin has emphasized a zero-tolerance policy towards rain-related deaths. He directed officials at a high-level meeting to expedite emergency work and ensure the safety of all citizens.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com