ഒരു വർഷത്തിന് ശേഷം ആശ്വാസം; വീണ്ടും ട്രാക്കിലാകുന്നു, ബീച്ച്– വേളാച്ചേരി എംആർടിഎസ്
Mail This Article
ചെന്നൈ ∙ ഒരു വർഷത്തിലേറെയായി നിർത്തിവച്ച ബീച്ച്– വേളാച്ചേരി എംആർടിഎസ് ട്രെയിൻ സർവീസ് ഇന്ന് പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. വേളാച്ചേരിയിൽ നിന്നു പുലർച്ചെ 4നു സർവീസ് തുടങ്ങും. അവസാനത്തെ സർവീസ് രാത്രി 11.13നു ബീച്ചിൽ നിന്നു പുറപ്പെടും. ഈ സർവീസുകളുടെ സ്ഥിരം യാത്രികരായിരുന്നവർക്ക് ആശ്വാസമേകുന്നതാണു തീരുമാനം.
സർവീസ് നേരത്തേ പുനരാരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും നിർമാണം പൂർത്തിയാകാത്തതിനാൽ നീളുകയായിരുന്നു. ബീച്ചിനും എഗ്‌മൂറിനുമിടയിൽ നാലാം റെയിൽപാത നിർമിക്കുന്നതിന്റെ ഭാഗമായി 2023 ഓഗസ്റ്റ് 27 മുതലാണ് എംആർടിഎസ് സർവീസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേ തുടർന്ന് ബീച്ചിനും ചിന്താദ്രിപ്പെട്ടിനും ഇടയിലെ സർവീസ് നിർത്തിവച്ചു. വേളാച്ചേരിയിൽ നിന്നുള്ള ട്രെയിനുകൾ ചിന്താദ്രിപ്പെട്ടിൽ യാത്ര അവസാനിപ്പിക്കുകയും മടക്കസർവീസ് അവിടെ നിന്ന് ആരംഭിക്കുകയുമായിരുന്നു ചെയ്തിരുന്നത്.
ബീച്ച്, പെരമ്പൂർ തുടങ്ങിയ ഭാഗങ്ങളിൽ നിന്നു നഗരത്തിന്റെ ഐടി കേന്ദ്രമായ തെക്കൻ മേഖലയിലേക്കു സ്ഥിരമായി യാത്ര ചെയ്തവരെയാണ് ഇതു പ്രധാനമായും ബാധിച്ചത്. വേളാച്ചേരി, സെന്റ് തോമസ് മൗണ്ട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്നു ബീച്ച്, ഫോർട്ട്, പാർക്ക് ടൗൺ സ്റ്റേഷനുകൾക്കു സമീപമുള്ള ദക്ഷിണ റെയിൽവേ, രാജീവ് ഗാന്ധി ആശുപത്രി, ബ്രോഡ്‌വേ, ഹൈക്കോടതി, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തവർക്കും സർവീസ് നിർത്തിവച്ചത് വലിയ തിരിച്ചടിയായി. ചിന്താദ്രിപ്പെട്ടിൽ നിന്നു പകരം എംടിസി ബസ് സർവീസ് ഏർപ്പെടുത്തിയെങ്കിലും അതു പര്യാപ്തമായിരുന്നില്ല.
പ്ലാറ്റ്ഫോം ടിക്കറ്റിന് നിയന്ത്രണം
ദീപാവലിത്തിരക്ക് കണക്കിലെടുത്ത് സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സെൻട്രൽ, എഗ്‌മൂർ, താംബരം, പെരമ്പൂർ സ്റ്റേഷനുകളിൽ നിന്നു മുതിർന്ന വ്യക്തികൾ, മെഡിക്കൽ സംബന്ധമായ ആവശ്യമുള്ളവർ എന്നിവരൊഴികെയുള്ളവർക്ക് ഇന്നും നാളെയും പ്ലാറ്റ്ഫോം ടിക്കറ്റുകൾ വിതരണം ചെയ്യില്ല.