മഴ തുടരുന്നു; ഇന്ന് ചുഴലിക്കാറ്റിന് സാധ്യത
Mail This Article
ചെന്നൈ ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയതിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. കടലൂർ, തിരുവാരൂർ, തഞ്ചാവൂർ, നാഗപട്ടണം, മയിലാടുതുറ, രാമനാഥപുരം എന്നീ ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴയാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ നാഗപട്ടണത്ത് 19 സെന്റി മീറ്റർ മഴ ലഭിച്ചു. രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂർ, മയിലാടുതുറ, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിൽ 2,000 ഏക്കറിലെ നെൽക്കൃഷി നശിച്ചു.
അതേസമയം, അതിതീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിനാൽ കടലൂർ, മയിലാടുതുറ, നാഗപട്ടണം, തിരുവാരൂർ, ചെന്നൈ, ചെങ്കൽപെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, പുതുച്ചേരി എന്നിവിടങ്ങളിൽ 30 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചെന്നൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ സ്കൂളുകൾക്ക് അവധി നൽകിയെങ്കിലും രാവിലെ മുതൽ മഴ പെയ്തില്ല. പുതുച്ചേരിയിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകി.