ബിരിയാണി പാസം ചെന്നൈയിൻ ശ്വാസം; രാജ്യത്ത് ഓൺലൈൻ ബിരിയാണി വിൽപനയിൽ മൂന്നാം സ്ഥാനത്ത് ചെന്നൈ

Mail This Article
ചെന്നൈ ∙ അഞ്ചു ദിവസത്തിനുള്ളിൽ അവസാനിക്കാനിരിക്കുന്ന ഈ വർഷവും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ ചെന്നൈ കഴിച്ചു തീർത്തതിൽ മുൻപിൽ ബിരിയാണി. ഇക്കൊല്ലം ആകെ 8.3 കോടി ബിരിയാണി ഓർഡറുകൾ വന്നതിൽ 46 ലക്ഷം ഓർഡറുകളും ചെന്നൈയിൽ നിന്നാണെന്നു സ്വിഗി ആപ്പ് പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. 2024 ജനുവരി 1നു പുലർച്ചെ 4.01ന് കൊൽക്കത്തയിൽ നിന്ന് വന്നതാണ് ഇക്കൊല്ലത്തെ സ്വിഗിയുടെ ആദ്യത്തെ ബിരിയാണി ഓർഡർ!
ഹൈദരാബാദും ബെംഗളൂരുവുമാണ് ബിരിയാണിക്കണക്കിൽ ചെന്നൈയുടെ മുന്നിൽ. ഹൈദരാബാദിൽ നിന്ന് 97 ലക്ഷവും ബെംഗളൂരുവിൽ നിന്ന് 77 ലക്ഷവും ബിരിയാണി ഓർഡറുകളാണ് ഈ വർഷമുണ്ടായത്. അർധരാത്രി മുതൽ പുലർച്ചെ 2 വരെ ഉപഭോക്താക്കൾ ഏറ്റവുമധികം ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നും ബിരിയാണിയാണ്. ചിക്കൻ ബർഗറാണ് ഈ സമയത്ത് ഒന്നാമത്. ബിരിയാണിയിൽ തന്നെ ചിക്കൻ ബിരിയാണിക്കാണ് ആരാധകർ ഏറെ. ഈ വർഷം രാജ്യത്താകെ 4.9 കോടി ചിക്കൻ ബിരിയാണി സ്വിഗി വിറ്റു. ബിരിയാണിയുടെ തൊട്ടടുത്ത് ദോശയുമുണ്ട്. ഈ വർഷം 2.3 കോടി ദോശ ഓർഡറുകൾ സ്വിഗിക്കു ലഭിച്ചു. ഇതിലും ചെന്നൈയുടെ പങ്ക് ചെറുതല്ല.