ഐസിഎഫിൽ എസി സബേർബൻ നിർമാണം തുടങ്ങി
Mail This Article
ചെന്നൈ ∙ എസി സബേർബൻ ട്രെയിനുകളുടെ നിർമാണം ഐസിഎഫിൽ ആരംഭിച്ചു. 2 ട്രെയിനുകളാണ് ഐസിഎഫിൽ നിർമിക്കുന്നത്. ആദ്യ ട്രെയിനിന്റെ സർവീസ് 2 മാസത്തിനകം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും പിന്നീട് 2 മാസത്തിനു ശേഷം അടുത്ത ട്രെയിൻ എത്തുമെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. ബീച്ച്–ചെങ്കൽപെട്ട് റൂട്ടിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
ബീച്ച്–ചെങ്കൽപെട്ട് റൂട്ടിൽ എസി ട്രെയിനുകൾ ഓടിക്കാൻ 2019ൽ റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവേ ശുപാർശ നൽകിയിരുന്നു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ശുപാർശ. എസി ട്രെയിനുകൾ ഓടിക്കണമെന്ന് യാത്രക്കാരും ഏറെക്കാലമായി ആവശ്യപ്പെടുന്നു. 6 മാസം കടുത്ത ചൂടുള്ള നഗരത്തിൽ എസി സബേർബൻ ട്രെയിനുകൾ വലിയ ആശ്വാസമാകുമെന്ന് യാത്രക്കാർ പറയുന്നു.
നിലവിൽ ബസ്, മെട്രോ എന്നീ പൊതു ഗതാഗത മാർഗങ്ങളും നഗരത്തിൽ ലഭ്യമാണെങ്കിലും ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് സബേർബൻ ട്രെയിനുകളെയാണ്. വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് സബേർബൻ ട്രെയിനുകളുടെ പ്രധാന ആകർഷണം.