എൻസിഎംസി കാർഡ് പുറത്തിറക്കി ഗതാഗത വകുപ്പ്: ഒറ്റ കാർഡിൽ ബസ്,മെട്രോ യാത്ര
Mail This Article
ചെന്നൈ ∙ എംടിസി ബസുകളിലും മെട്രോ ട്രെയിനുകളിലും ഒറ്റ കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നതിനുള്ള സിങ്കാര ചെന്നൈ എൻസിഎംസി (നാഷനൽ കോമൺ മൊബിലിറ്റി കാർഡ്) കാർഡ് പുറത്തിറക്കി ഗതാഗത വകുപ്പ്. ബസിലും ട്രെയിനിലും വെവ്വേറെ ടിക്കറ്റ് എടുക്കുന്നതിനു പകരം ഒറ്റ കാർഡ് ഉപയോഗിച്ച് ഇരു ഗതാഗത മാർഗങ്ങളിലും ഇനി മുതൽ യാത്ര ചെയ്യാം. ദിവസേന ബസിലും മെട്രോയിലുമായി യാത്ര ചെയ്യുന്ന പതിനായിരക്കണക്കിനു പേർക്ക് വലിയ ആശ്വാസം നൽകും. നിലവിൽ മെട്രോ യാത്രക്കാർക്കായി സിഎംആർഎൽ നൽകുന്ന സിങ്കാര ചെന്നൈ കാർഡിന്റെ മാതൃകയിലുള്ള കാർഡാണ് എംടിസിയും പുറത്തിറക്കിയത്.
‘ചില്ലറ’ പ്രശ്നം ഇനിയില്ല
ബസ് കണ്ടക്ടർമാരുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ (ഇടിഎം) കാർഡ് ടാപ് ചെയ്താണു ടിക്കറ്റ് തുക ഈടാക്കുക. കാർഡിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 50,000 കാർഡുകൾ സൗജന്യമായി നൽകുമെന്ന് എംടിസി അധികൃതർ അറിയിച്ചു. കോയമ്പേട്, ബ്രോഡ്‌വേ, സെൻട്രൽ, താംബരം, പൂനമല്ലി, തിരുവാൺമിയൂർ, വേളാച്ചേരി, ഗിണ്ടി തുടങ്ങി നഗരത്തിലെ 20 ബസ് പാസ് കൗണ്ടറുകളിൽ നിന്നു കാർഡ് ലഭിക്കും.
കുറഞ്ഞത് 100 രൂപയ്ക്ക് റീചാർജ് ചെയ്യണം. യാത്രക്കാർക്ക് ഇഷ്ടമുള്ളത്ര തുക പരമാവധി റീചാർജ് ചെയ്യാം. ഇതേ കാർഡ് തന്നെ മെട്രോയിലും ഉപയോഗിക്കാം. സിഎംആർഎലിന്റെ മെട്രോ സിങ്കാര ചെന്നൈ കാർഡ് ഉള്ളവർക്ക് ആ കാർഡ് ഉപയോഗിച്ച് ബസിൽ യാത്ര ചെയ്യാം. എസ്ബിഐയുമായി ചേർന്നാണു കാർഡ് പുറത്തിറക്കിയത്.
ബസിലെ ചില്ലറ ക്ഷാമവും മെട്രോയിൽ ടിക്കറ്റ് എടുക്കുന്നതിനുള്ള കാത്തിരിപ്പും ഒഴിവാക്കാമെന്നതാണു പുതിയ കാർഡിന്റെ മെച്ചം. ബസ് ടിക്കറ്റ് എടുക്കുമ്പോൾ കൃത്യം ചില്ലറ നൽകാത്തതിന് കണ്ടക്ടർമാരും യാത്രക്കാരും തമ്മിൽ തർക്കം ഉണ്ടാകാറുണ്ട്. ചിലപ്പോഴത് വലിയ ബഹളത്തിലേക്കും എത്തും. ബസിലും മെട്രോയിലും ദിവസേന യാത്ര ചെയ്യുന്നവർക്ക് മെട്രോ സ്റ്റേഷനിൽ കാത്തുനിൽക്കാതെ പെട്ടെന്നു ട്രെയിൻ കയറാൻ സാധിക്കും. ദിവസേന യാത്ര ചെയ്യുന്നവർ വാട്സാപ് അടക്കമുള്ള മാർഗങ്ങളിലൂടെ ഫോണിൽ തന്നെ ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ ഇനി അതുപോലും ആവശ്യമില്ലാതെ, എംടിസിയുടെ സിങ്കാര ചെന്നൈ കാർഡ് ഉപയോഗിച്ച് വേഗത്തിൽ മെട്രോയിൽ യാത്ര ചെയ്യാം.
പൊങ്കൽ സ്പെഷൽ സർവീസ് 10 മുതൽ
പൊങ്കൽ അവധിക്കു സ്വദേശങ്ങളിലേക്കും മറ്റും പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സർക്കാർ ബസുകളുടെ സ്പെഷൽ സർവീസ് 10ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കർ അറിയിച്ചു. ചെന്നൈയിൽ നിന്ന് 14,104 ബസുകൾ അടക്കം വിവിധയിടങ്ങളിൽ നിന്നായി 21,094 ബസുകളാണ് 13 വരെ സർവീസ് നടത്തുക. 14 മുതലാണു സംസ്ഥാനത്ത് പൊങ്കൽ ആഘോഷം.നഗരത്തിൽ കിലാമ്പാക്കം, കോയമ്പേട്, മാധവാരം എന്നിവിടങ്ങളിൽ നിന്നാണു ബസുകൾ പുറപ്പെടുക.
യാത്രക്കാർക്ക് കിലാമ്പാക്കത്തേക്ക് എത്തുന്നതിനായി കോയമ്പേട്, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ നിന്ന് 100 എംടിസി ബസുകൾ വീതവും തിരുവാൺമിയൂർ, പൂനമല്ലി എന്നിവിടങ്ങളിൽ നിന്ന് 50 എംടിസി ബസുകൾ വീതവും സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ചെന്നൈയിലേക്കു തിരിച്ചെത്തുന്നതിനായി 15 മുതൽ 19 വരെ സ്പെഷൽ സർവീസുണ്ടാകും.