അക്ഷരപ്രേമികൾ ഒഴുകുന്നു; പുസ്തക മേളയിലേക്ക്
Mail This Article
ചെന്നൈ ∙ സംഘാടകരുടെ പ്രതീക്ഷകൾക്കുമപ്പുറം ഒഴുകിയെത്തുന്ന സന്ദർശകരുടെ തിരക്കിൽ മുങ്ങി ചെന്നൈ പുസ്തകമേള. പുസ്തക മേള ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോൾ 10 ലക്ഷത്തോളം പേർ സന്ദർശിച്ചതായി സംഘാടകരായ ബപാസി അറിയിച്ചു. മുൻ വർഷത്തെക്കാൾ ഏറെ പേർ എത്തിയതായും വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.
നോവൽ, ചെറുകഥ, അക്കാദമിക് തുടങ്ങി എല്ലാ തരത്തിലുമുള്ള പുസ്തകങ്ങൾ ലഭ്യമാണെങ്കിലും കുട്ടികളുടെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്. കുട്ടികൾക്കു പുസ്തകങ്ങൾ വാങ്ങാനും അവരെ മേളയിലേക്കു കൊണ്ടുവരാനും രക്ഷിതാക്കൾ വലിയ താൽപര്യം കാണിക്കുന്നതായി സംഘാടകർ പറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് ധാരാളം കുട്ടികൾ ഇത്തവണ വന്നതായും ഇതു വലിയ പ്രതീക്ഷ നൽകുന്നതായും കൂട്ടിച്ചേർത്തു. പ്രവൃത്തി ദിനങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും ശനി, ഞായർ, അവധി ദിനങ്ങളിൽ 11 മുതൽ 8 വരെയുമാണ് സന്ദർശന സമയം. എല്ലാ പുസ്തകങ്ങൾക്കും 10 ശതമാനം നിരക്കിളവുണ്ട്. മേള 12നു സമാപിക്കും.
പ്രകാശനം ഇന്ന്
ചെന്നൈ ∙ ഡോക്യുമെന്ററി ഡയറക്ടറും എഴുത്തുകാരനുമായ ഒ.െക.ജോണി രചിച്ച ‘കാവേരിയോടൊപ്പം എന്റെ യാത്രകൾ’ എന്ന പുസ്തകത്തിന്റെ തമിഴ് വിവർത്തനം ‘കാവേരിയുടൻ എനത് പയനങ്ങൾ’ ഇന്ന് വൈകിട്ട് 5ന് ചെന്നൈ പുസ്തകമേളയിൽ പ്രകാശനം ചെയ്യും. ഭാരതി പുസ്തകാലയത്തിന്റെ എഫ്–23 സ്റ്റാളിൽ നടക്കുന്ന ചടങ്ങിൽ ഏഷ്യൻ കോളജ് ഓഫ് ജേണലിസം ഡയറക്ടർ ശശികുമാർ അധ്യക്ഷനാകും. സിപിഎം സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖം, വിവർത്തകൻ നെയ്‌വേലി എം.സുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിക്കും.
മനോരമ സ്റ്റാളിൽ തിരക്കേറി
മലയാള പുസ്തകങ്ങൾ തേടി മലയാള മനോരമ സ്റ്റാളിലേക്ക് എത്തുന്നവരുടെ തിരക്ക് തുടരുന്നു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഒട്ടേറെ പുസ്തകങ്ങളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ഗായിക കെ.എസ്.ചിത്രയെക്കുറിച്ചുള്ള ‘ചിത്രപൗർണമി’ എന്ന പുസ്തകം വാങ്ങാൻ ഒട്ടേറെ പേരെത്തി. എം.ടി.വാസുദേവൻ നായരുടെ പുസ്തകങ്ങൾ അന്വേഷിച്ചും ധാരാളം പേരെത്തി. എല്ലാ പുസ്തകങ്ങൾക്കും 10 ശതമാനം നിരക്കിളവുണ്ട്.
277, 278 എന്നിവയാണു സ്റ്റാൾ നമ്പറുകൾ.ഇംഗ്ലിഷ് വാരികയായ ‘ദ് വീക്ക്‘ ആണ് വായനക്കാർ കൂടുതലായി ആവശ്യപ്പെടുന്ന പ്രസിദ്ധീകരണം. നൂറ്റൻപതോളം ഓർഡറുകളാണ് 10 ദിവസത്തിനകം ലഭിച്ചത്. മാജിക് പോട്ട്, ടെൽ മി വൈ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കും ആവശ്യക്കാരേറെയാണ്.
കുറഞ്ഞ നിരക്കിൽ വരിക്കാരാകുന്നതിനുള്ള സൗകര്യവുമുണ്ട്. ദ് വീക്ക് 500 രൂപ നിരക്കിൽ 6 മാസത്തേക്കും 800 രൂപയ്ക്ക് 10 മാസത്തേക്കും വരിക്കാരാകാം. ഇതിനൊപ്പം മനോരമ ഇയർ ബുക്ക് സൗജന്യമായി ലഭിക്കും. 800 രൂപ, 1,200 രൂപ തുടങ്ങിയ ഓഫറുകളിൽ വരിക്കാരാകുന്നവർക്ക് ‘ടെൽ മി വൈ’ സൗജന്യമായി ലഭിക്കും.