ADVERTISEMENT

ചെന്നൈ ∙ ഓളപ്പരപ്പിലൂടെ സഞ്ചരിച്ച് കുളിർക്കാറ്റേറ്റ് വിരുന്നുണ്ണാൻ അവസരമൊരുക്കി സംസ്ഥാനത്തെ ആദ്യ ക്രൂസ് റസ്റ്ററന്റ് തുറന്നു. കൊച്ചി കേന്ദ്രമാക്കിയ ഗ്രാൻഡിയർ മറൈൻ ഇന്റർനാഷനൽ തമിഴ്നാട് ടൂറിസം ഡവലപ്മെന്റ് കോർപറേഷനുമായി (ടിടിഡിസി) സഹകരിച്ച് ഇസിആറിലെ മുട്ടുകാട് ബോട്ട് ഹൗസിൽ ആരംഭിച്ച ചെറുകപ്പൽ റസ്റ്ററന്റിന്റെ ഉദ്ഘാടനം ചെറുകിട വ്യവസായ വകുപ്പ് മന്ത്രി ടി.എം.അൻപരശൻ നിർവഹിച്ചു. ‘സിയാൻസ് ക്രൂസ്’ എന്ന ബ്രാൻഡിനു കീഴിൽ പൊതു–സ്വകാര്യ മേഖലകളുടെ സംയുക്ത സംരംഭമായി 5 കോടി രൂപ ചെലവിലാണ് നിർമാണം.

മുട്ടുകാട് ബോട്ട് ഹൗസിൽ ആരംഭിച്ച സിയാൻസ് ക്രൂസ് റസ്റ്ററന്റ്
മുട്ടുകാട് ബോട്ട് ഹൗസിൽ ആരംഭിച്ച സിയാൻസ് ക്രൂസ് റസ്റ്ററന്റ്

ആഡംബരത്തികവിൽ ഒഴുകാം
3000 ചതുരശ്ര അടി വിസ്തീർണമുള്ള എസി ബാങ്ക്വിറ്റ് ഹാളോടു കൂടിയ പ്രധാന ഡക്കും ഇതേ വലുപ്പത്തിലുള്ള തുറന്ന മുകൾ ഡക്കും ചേർന്ന ചെറുകപ്പലിന് 125 അടി നീളവും 25 അടി വീതിയുമുണ്ട്. ഒരേ സമയം 100 അതിഥികളെ വരെ ഉൾക്കൊള്ളാൻ ഭക്ഷണശാലയ്ക്കു സാധിക്കുമെന്ന് സിയാൻസ് ക്രൂസ് ഡയറക്ടർ ഓജസ് സെബാസ്റ്റ്യൻ പറഞ്ഞു. മുട്ടുകാട് കായലിന്റെ മനോഹര കാഴ്ചകളാസ്വദിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുക്കാം.

ആഘോഷ പാർട്ടികൾക്ക് ആവശ്യമായ ഡിജെ ലൈറ്റുകൾ, മൈക്കുകൾ, സ്പീക്കറുകൾ, ലൈവ് പെർഫോമൻസ് സ്റ്റേജ്, 100 ഇഞ്ച് സ്മാർട്ട് ടിവി തുടങ്ങിയവയും ഉണ്ട്. കോർപറേറ്റ് പരിപാടികൾ, കുടുംബ സംഗമങ്ങൾ, ജന്മദിന പാർട്ടികൾ, വിവാഹ ചടങ്ങുകൾ, ഫോട്ടോ ഷൂട്ട് തുടങ്ങിയവയ്ക്ക് ഇതിൽ സൗകര്യമുണ്ട്. 

ക്രൂസ് റസ്റ്ററന്റിലെ ഇന്നർ ഡെക്ക്
ക്രൂസ് റസ്റ്ററന്റിലെ ഇന്നർ ഡെക്ക്

3 കിലോമീറ്റർ കപ്പൽ യാത്ര
അതിഥികൾക്ക് കപ്പലിൽ 3 കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങളടങ്ങുന്ന മെനുവാണ് റസ്റ്ററന്റിൽ. സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ബോട്ടുകളും അഗ്നിരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഓജസ് സെബാസ്റ്റ്യൻ പറഞ്ഞു. രാവിലെ 7.30ന് പ്രഭാത ഭക്ഷണത്തിനായി തുറക്കുന്ന ഭക്ഷ്യശാല അത്താഴത്തിനു ശേഷം രാത്രി 11നാണ് അടയ്ക്കുക. ആദ്യ ഘട്ടത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ആദ്യ ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങ് ആരംഭിച്ചതായി ഓജസ് പറഞ്ഞു. 

 ക്രൂസ് റസ്റ്ററന്റിലെ പാർട്ടി ഏരിയ
ക്രൂസ് റസ്റ്ററന്റിലെ പാർട്ടി ഏരിയ

എറണാകുളം ഏലൂർ സ്വദേശിയായ ഓജസും സഹോദരൻ ജോജിയുമാണ് ഗ്രാൻഡിയർ മറൈൻ ഇന്റർനാഷനലിന്റെനടത്തിപ്പുകാർ. നേപ്പാൾ, ശ്രീലങ്ക, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ സംരംഭകർക്കായി ഇത്തരം കപ്പൽ റസ്റ്ററന്റുകൾ നിർമിച്ചു നൽകിയ അനുഭവ സമ്പത്തുമായാണ് ഇവർ ചെന്നൈയിൽ സ്വന്തം സംരംഭം ആരംഭിച്ചത്. സിയാൻസ് ക്രൂസ് എന്ന ബ്രാൻഡിൽ ആരംഭിച്ച സംരംഭം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. വിവരങ്ങൾക്ക്: 9037850857.

English Summary:

Seaance Cruise, Tamil Nadu's first cruise restaurant, offers a unique dining experience. Located at Muttukadu Boat House, it's a joint venture between Granduer Marine International and the Tamil Nadu Tourism Development Corporation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com