സബേർബൻ എസി ഒരു മാസത്തിനകം സർവീസ് തുടങ്ങും: തണുപ്പൻ യാത്രയ്ക്ക് തയാർ
Mail This Article
ചെന്നൈ ∙ നഗരത്തിന്റെ ജീവനാഡിയായ സബേർബൻ ട്രെയിനുകളിൽ വരാനിരിക്കുന്ന ‘തണുപ്പൻ’ യാത്രയുടെ ആവേശച്ചൂടിൽ നഗരവാസികൾ. ഏറെക്കാലമായി പ്രതീക്ഷിക്കുന്ന എസി സബേർബൻ ട്രെയിനുകൾ ഒരു മാസത്തിനകം സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സബേർബൻ എസി സർവീസ് എങ്ങനെയാകുമെന്ന ആകാംക്ഷയുമുണ്ട്. ദക്ഷിണ റെയിൽവേ 2018ൽ റെയിൽവേ ബോർഡിനു നൽകിയ ശുപാർശയാണ് 6 വർഷത്തിനു ശേഷം യാഥാർഥ്യമാകുന്നത്.
നിർമാണം അന്തിമ ഘട്ടത്തിൽ
ഐസിഎഫിലാണ് എസി സബേർബൻ ട്രെയിനിന്റെ നിർമാണം പുരോഗമിക്കുന്നത്. ഒരു ട്രെയിനാണ് നിലവിൽ നിർമിക്കുന്നത്. നിർമാണം ഏതാണ്ടു പൂർത്തിയായതായും രണ്ടാഴ്ചയ്ക്കകം ദക്ഷിണ റെയിൽവേയ്ക്കു കൈമാറുമെന്നും ഐസിഎഫ് വൃത്തങ്ങൾ പറഞ്ഞു. ഏതു റൂട്ടിൽ സർവീസ് നടത്തണം, എപ്പോൾ സർവീസ് ആരംഭിക്കണം തുടങ്ങിയ കാര്യങ്ങൾ ദക്ഷിണ റെയിൽവേ തീരുമാനിക്കും. കൂടുതൽ ട്രെയിനുകൾ നിർമിക്കുന്നത് സംബന്ധിച്ച് ഇതുവരെ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഐസിഎഫ് വൃത്തങ്ങൾ അറിയിച്ചു.
യാത്ര തണുക്കും, നിരക്ക് അൽപം പൊള്ളും
6 മാസം ചൂട് അനുഭവപ്പെടുന്ന നഗരമാണ് ചെന്നൈ. ലക്ഷക്കണക്കിനു പേരാണ് ദിവസേന സബേർബൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. മാർച്ച് അവസാനം മുതൽ സെപ്റ്റംബർ വരെയുള്ള ചൂടുകാലത്ത് വിയർത്തൊലിച്ചാണ് നഗരവാസികൾ ട്രെയിനിൽ യാത്ര ചെയ്യുന്നത്. പൂർണമായും എസിയിലോടുന്ന മെട്രോ സർവീസ് നഗരത്തിൽ എല്ലാ ഭാഗത്തും ഇല്ലാത്തതിനാൽ സബേർബൻ തന്നെയാണ് ഒട്ടേറെ പേർക്ക് ആശ്രയം. മുംബൈ നഗരത്തിലെ എസി ലോക്കൽ ട്രെയിനുകളുടെ മാതൃകയിൽ ചെന്നൈയിലും എസി ട്രെയിനുകൾ വേണമെന്നതു യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
നഗരത്തിൽ എസി ട്രെയിനുകൾ ഓടിത്തുടങ്ങുമ്പോൾ ഒട്ടേറെ പേർ അതിലേക്കു മാറുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നിരക്കിൽ വ്യത്യാസമുണ്ടാകും. നിലവിൽ കുറഞ്ഞ നിരക്കായ 5 രൂപ നൽകി ഏറെ ദൂരം യാത്ര ചെയ്യാം. എന്നാൽ എസി ട്രെയിനുകൾക്ക് നിരക്ക് ഉയരും. നിരക്ക് സംബന്ധിച്ച വിവരങ്ങൾ പിന്നീടു ദക്ഷിണ റെയിൽവേ പുറത്തുവിടും. മുംബൈയിലെ സബേർബൻ ട്രെയിനുകളിൽ നോൺ–എസി കോച്ചുകളിൽ 5 മുതൽ 35 രൂപ വരെയും എസി കോച്ചുകളിൽ 35 മുതൽ 65 രൂപ വരെയുമാണ് ഈടാക്കുന്നത്.
ഫസ്റ്റ് ക്ലാസിനും വേണ്ടേ മാറ്റം
എസി ട്രെയിനുകളെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ നിലവിലുള്ള ചില പ്രശ്നങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ടെന്നും യാത്രക്കാർ പറയുന്നു. ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കോച്ചുകളിലെ ഞെരുങ്ങിയുള്ള യാത്രയാണ് അതിലൊന്ന്. മുൻപ് ഫസ്റ്റ് ക്ലാസ് കോച്ചിൽ ധാരാളം സ്ഥലമുണ്ടായിരുന്നുവെന്നും എന്നാൽ ഐസിഎഫിന്റെ ഇപ്പോഴത്തെ ട്രെയിനുകളിൽ ആവശ്യത്തിനു സ്ഥലമില്ലെന്നും ആദംപാക്കം നിവാസിയും സബേർബൻ ട്രെയിനിലെ സ്ഥിരം യാത്രക്കാരനുമായ ഇ.എൻ.ജയചന്ദ്രൻ പറഞ്ഞു.
പഴയ ട്രെയിനിൽ മധ്യഭാഗത്തും ഫസ്റ്റ് ക്ലാസ് കോച്ച് ഉണ്ടായിരുന്നു. ഇപ്പോൾ മുൻഭാഗത്തും പിൻഭാഗത്തും മാത്രമാണുള്ളത്. ഫസ്റ്റ് ക്ലാസ് കോച്ചിന്റെ ഒരു ഭാഗം ലേഡീസ് കോച്ചിനു കൂടി മാറ്റിവയ്ക്കുകയാണ്. രാവിലെയും വൈകിട്ടും തിരക്കേറെയുള്ള സമയത്ത് ഫസ്റ്റ് ക്ലാസിൽ കാലുകുത്താൻ സ്ഥലമില്ലെന്നും ഈ കോച്ചിലെ ടിക്കറ്റുണ്ടായിട്ടും കയറാൻ പറ്റാത്തതിനാൽ പലപ്പോഴും സെക്കൻഡ് ക്ലാസിലാണ് യാത്ര ചെയ്യാറുള്ളതെന്നും ജയചന്ദ്രൻ പറഞ്ഞു. യാത്രക്കാർ കൂടുതലുള്ള 9നും 10.30നും ഇടയിൽ ട്രെയിനുകൾ കുറവാണെന്നും ഈ സമയത്ത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോച്ചിന് ഓട്ടമാറ്റിക് ഡോർ
∙ 12 കോച്ചുകളുള്ള ട്രെയിനാണു സർവീസ് നടത്തുക
∙ ഓരോ കോച്ചിലും 15 ടൺ ശേഷി വീതമുള്ള 2 എസികൾ.
∙ 1142 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം
∙ യാത്രക്കാർക്കു വിവരങ്ങൾ നൽകുന്നതിനായി മികച്ച ഡിസ്പ്ലേ സംവിധാനം
∙ സുരക്ഷ വർധിപ്പിക്കാൻ കോച്ചുകളിൽ സിസിടിവി
∙ അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് ഗാർഡിനെയോ അസി. ലോക്കോ പൈലറ്റിനെയോ ബന്ധപ്പെടാൻ ടോക്ക് ബാക്ക് സംവിധാനം. അവർക്ക് യാത്രക്കാരുമായി സംസാരിക്കാനും നേരിട്ടു കാണാനും സാധിക്കും. വന്ദേഭാരതിലെ ടോക്ക് ബാക്കിനു സമാനം
∙ നിലവിലുള്ള ട്രെയിനുകളിൽ നിന്നു വ്യത്യസ്തമായി എസി കോച്ചുകൾക്ക് ഓട്ടമാറ്റിക് ഡോർ
∙ ട്രെയിനിന്റെ പ്രൊപ്പൽഷൻ സംവിധാനം നിർവഹിക്കുന്നത് വന്ദേഭാരതടക്കം കൈകാര്യം ചെയ്യുന്ന മേധ സെർവോ ഡ്രൈവ്സ്
∙ റീജെനറേറ്റീവ് ബ്രേക്കിങ് സംവിധാനം വഴി 35 ശതമാനം ഊർജം ലാഭിക്കാൻ സാധിക്കും
∙ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബീച്ച്–ചെങ്കൽപെട്ട് റൂട്ടിൽ സർവീസ് നടത്താൻ സാധ്യത