അവധി നാട്ടിൽ പോകാൻ ടിക്കറ്റിനായി നെട്ടോട്ടം; പൊങ്കലിനും മാറ്റമില്ല
Mail This Article
ചെന്നൈ ∙ പൊങ്കൽ അവധിയോടനുബന്ധിച്ച് നാട്ടിലെത്താൻ ട്രെയിനിലും ബസിലും ടിക്കറ്റില്ലാതെ വലഞ്ഞ് മലയാളികൾ. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതലാണു പൊങ്കൽ അവധിയെങ്കിലും കൂടുതൽ പേരും ഇന്നും നാളെയുമായി പോകാനുള്ള തയാറെടുപ്പിലാണ്. തിങ്കൾ മാത്രം അവധി എടുത്താൽ അടുത്ത ഞായർ വരെ തുടർച്ചയായി 9 അവധി ദിനങ്ങളാണു വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ളവയ്ക്കു ലഭിക്കുക. മകരവിളക്കിനായി ശബരിമല ദർശനം നടത്താനൊരുങ്ങുന്ന തീർഥാടകർക്കും ടിക്കറ്റ് കിട്ടാനില്ല. ദക്ഷിണ റെയിൽവേ നേരത്തെ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളിലും തമിഴ്നാട് സർക്കാർ ബസുകളിലും ടിക്കറ്റുകൾ വളരെ മുൻപു തന്നെ തീർന്നിരുന്നു.
13 വരെ വെയ്റ്റ് ലിസ്റ്റ്
കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളിലും ഇന്ന് മുതൽ 13 വരെ ടിക്കറ്റ് നില വെയ്റ്റ് ലിസ്റ്റാണ്. പൊങ്കൽ അവധിക്ക് കൂടുതൽ പേരും നാട്ടിൽ പോകുമെന്നിരിക്കെ റെയിൽവേ സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താത്തതാണു യാത്രക്കാർക്കു തിരിച്ചടിയായത്. ട്രെയിൻ ടിക്കറ്റെടുക്കാൻ ശ്രമിക്കുമ്പോൾ വെയ്റ്റ് ലിസ്റ്റ് 100നു മുകളിൽ എന്നോ, ബുക്കിങ് പോലും സാധ്യമല്ലെന്ന അർഥത്തിൽ ‘റിഗ്രെറ്റ്’ എന്നോ ആണു കാണിക്കുന്നത്. പൊതുവേ വലിയ തിരക്ക് അനുഭവപ്പെടാത്ത എഗ്‌മൂർ–മംഗളൂരു, എഗ്‌മൂർ–ഗുരുവായൂർ ട്രെയിനുകളിൽ പോലും ടിക്കറ്റ് കിട്ടാനില്ല.
സെക്കൻഡുകൾക്കകം തീരുന്ന തത്കാൽനാട്ടിൽ പോകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തീരുമാനം എടുത്തവരാണു ശരിക്കും വലയുന്നത്. ഓൺലൈനായി തത്കാൽ ടിക്കറ്റിനു ശ്രമിച്ചാൽ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. തത്കാൽ ബുക്കിങ് ആരംഭിച്ച് 2–3 മിനിറ്റിലാണ് ടിക്കറ്റുകൾ തീരുന്നത്. ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ ഐആർസിടിസി വെബ്സൈറ്റ് ഹാങ് ആകുന്നതും പതിവാണ്. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ പുലർച്ചെ നാലിനോ അഞ്ചിനോ എത്തി ടിക്കറ്റ് എടുക്കാനായി കാത്തു നിൽക്കുന്നവരുണ്ട്. എന്നാൽ ഉത്തരേന്ത്യയിലേക്കു പോകുന്ന അതിഥിത്തൊഴിലാളികൾ ചിലപ്പോൾ 3നു വന്ന് കാത്തുനിൽക്കാറുണ്ടെന്നും അങ്ങനെയാണെങ്കിൽ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്നും യാത്രക്കാർ പറയുന്നു. എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിൽ ഇന്നത്തെയും 12നുമുള്ള മുഴുവൻ ടിക്കറ്റുകളും തീർന്നു. നാളെയും 13നും ഒരു ടിക്കറ്റ് മാത്രമാണു ബാക്കിയുള്ളത്.
സ്പെഷൽ ബസ് ഇന്നുമുതൽ
പൊങ്കൽ അവധിക്കു സ്വദേശങ്ങളിലേക്കും മറ്റും പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഗതാഗത വകുപ്പ് ഏർപ്പെടുത്തിയ സ്പെഷൽ ബസ് സർവീസ് ഇന്ന് ആരംഭിക്കും. ചെന്നൈയിൽ നിന്ന് 14,104 ബസുകൾ അടക്കം സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി 21,094 ബസുകളാണ് 13 വരെ സർവീസ് നടത്തുക. നഗരത്തിൽ കിലാമ്പാക്കം, കോയമ്പേട്, മാധവാരം എന്നിവിടങ്ങളിൽ നിന്നാണു ബസുകൾ പുറപ്പെടുക. യാത്രക്കാർക്ക് കിലാമ്പാക്കത്തേക്ക് എത്തുന്നതിനു കോയമ്പേട്, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ നിന്ന് 100 എംടിസി ബസുകൾ വീതവും തിരുവാൺമിയൂർ, പൂനമല്ലി എന്നിവിടങ്ങളിൽ നിന്ന് 50 എംടിസി ബസുകൾ വീതവും സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ചെന്നൈയിലേക്കു തിരിച്ചെത്തുന്നതിനായി 15 മുതൽ 19 വരെ സ്പെഷൽ സർവീസുണ്ടാകും.