50 അമൃത് ഭാരത് ട്രെയിനുകൾ 2 വർഷത്തിനുള്ളിൽ: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Mail This Article
ചെന്നൈ ∙ നൂതന യാത്രാസൗകര്യങ്ങളുമായി അമൃത് ഭാരത് ശ്രേണിയിലുള്ള 50 ട്രെയിനുകൾ അടുത്ത 2 വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മികച്ച സീറ്റുകളും ബെർത്തുകളും, എൽഇഡി ലൈറ്റുകൾ, അടിയന്തര പ്രതികരണ സംവിധാനങ്ങൾ, ഭക്ഷണം കഴിക്കാനുള്ള ഇടം, മൊബൈൽ ഫോൺ അതിവേഗ ചാർജിങ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. നിരക്ക് ഇടത്തരക്കാർക്ക് താങ്ങാവുന്നതാകുമെന്നും റെയിൽവേ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാമ്പൻ പാലത്തെക്കുറിച്ച് റെയിൽവേ സുരക്ഷാ കമ്മിഷണർ (സിആർഎസ്) ഉന്നയിച്ച ആശങ്കകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സിആർഎസ് ഉന്നയിച്ച മാനദണ്ഡങ്ങൾ സാധാരണയായി ഒന്നിലധികം പാലങ്ങൾ ഉൾപ്പെടുന്ന പദ്ധതികൾക്കാണു ബാധകമാകുന്നതെന്നും രാജ്യാന്തര വിദഗ്ധരുടെ മാർഗനിർദേശം ഉപയോഗിച്ച് രൂപകൽപന ചെയ്ത് നിർമിച്ച സവിശേഷ ഘടനയാണ് പാമ്പനെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സിആർഎസിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും പാലം ഉടൻ തുറക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
സംസ്ഥാന സർക്കാരുകളുടെ സഹകരണം ലഭിക്കാത്തതിനാലാണു പുതിയ റെയിൽവേ പദ്ധതികൾ നടക്കാത്തത്. മധുര-തൂത്തുക്കുടി ലൈൻ നിർമിക്കാനുള്ള പദ്ധതി തമിഴ്‌നാടിന്റെ സഹകരണം ലഭിക്കാത്തതിനാൽ ഉപേക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമിച്ച വിസ്റ്റാഡം ഡൈനിങ് കോച്ചും മന്ത്രി സന്ദർശിച്ചു.