ലൈറ്റ് ഹൗസ് – നീലാങ്കര 15 കിലോമീറ്റർ പാലത്തിന് പദ്ധതി; കുരുക്കഴിക്കാൻ കൂറ്റൻ കടൽപാലം
Mail This Article
ചെന്നൈ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പുതിയ കടൽപാലം നിർമിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ. ലൈറ്റ് ഹൗസ് മുതൽ നീലാങ്കര വരെ 15 കിലോമീറ്റർ ദൈർഘ്യത്തിൽ കടലിൽ പാലം നിർമിക്കാനാണ് പദ്ധതി. വിശദമായ പദ്ധതി രേഖ (ഡിപിആർ) ഉടൻ തയാറാക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഹൈവേ വകുപ്പ് മന്ത്രി ഇ.വി.വേലു നിയമസഭയിൽ പറഞ്ഞു. ഈ പാലം മഹാബലിപുരം വരെ നീട്ടുന്ന കാര്യം പിന്നീടു പരിഗണിച്ചേക്കും.
നീലാങ്കരയിലേക്ക് അതിവേഗം
നഗരഹൃദയത്തിൽ വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ഇടമായ ലൈറ്റ് ഹൗസിനെയും ഇസിആറിലെ നീലാങ്കരയെയും തമ്മിൽ കടലിലൂടെ ബന്ധിപ്പിക്കുന്ന പാത നിർമിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ കടൽപാലമായ മുംൈബയിലെ അടൽ സേതുവിന്റെ മാതൃകയിലാകും 15 കിലോമീറ്റർ പാലം നിർമിക്കുക. നിലവിൽ ലൈറ്റ് ഹൗസിൽ നിന്ന് 40 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് നീലാങ്കരയിലേക്കുള്ള യാത്രാ സമയം. കടൽപാലം വഴി പരമാവധി 20 മിനിറ്റിൽ എത്തിച്ചേരാനാകും.
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പട്ടിണപ്പാക്കം മുതൽ മഹാബലിപുരം വരെ കടൽപാലം നിർമിച്ചു കൂടേയെന്ന ജി.പിച്ചാണ്ടി എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇ.വി.വേലു പദ്ധതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ആദ്യ ഘട്ടത്തിൽ ലൈറ്റ് ഹൗസ് മുതൽ നീലാങ്കര വരെയുള്ള പാതയാണു പരിഗണിക്കുന്നതെന്നും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണോ സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണോ പാലം നിർമിക്കുകയെന്ന് പിന്നീടു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവാൺമിയൂർ–അക്കര മേൽപാലം നിർമിക്കും
ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി തിരുവാൺമിയൂർ മുതൽ ഇസിആറിലെ അക്കര വരെ ആറുവരി മേൽപാത നിർമിക്കാൻ തീരുമാനിച്ചതായി മന്ത്രി ഇ.വി.വേലു അറിയിച്ചു. മേടവാക്കം–മാമ്പാക്കം രണ്ടുവരിപ്പാത വീതി കൂട്ടുമെന്നും ആവശ്യമെങ്കിൽ മാമ്പാക്കം ജംക്‌ഷനിൽ പുതിയ പാലം നിർമിക്കുമെന്നും പറഞ്ഞു.
മഹാബലിപുരത്തേക്ക് കടൽവഴി
ലൈറ്റ് ഹൗസ്–നീലാങ്കര കടൽ പാലം നിർമാണമാണ് ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നതെന്നാണു മന്ത്രി അറിയിച്ചതെങ്കിലും ഭാവിയിൽ ഇതു മഹാബലിപുരം വരെ നീട്ടാനും സാധ്യതയുണ്ട്. നിലവിൽ ലൈറ്റ് ഹൗസ് മുതൽ മഹാബലിപുരം വരെയുള്ള 50 കിലോമീറ്റർ യാത്രയ്ക്ക് ഒന്നേ കാൽ മണിക്കൂർ മുതൽ ഒന്നേ മുക്കാൽ മണിക്കൂർ വരെയാണ് സമയമെടുക്കുന്നത്. ഗതാഗതക്കുരുക്ക് വർധിച്ചാൽ ഇനിയും കൂടും. കടൽ പാലം യാഥാർഥ്യമായാൽ ഒരു മണിക്കൂറിൽ താഴെ സമയത്തിൽ മഹാബലിപുരത്തെത്താം. ചെന്നൈക്കു സമീപമുള്ള ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരത്തേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാകും. ഇത് ടൂറിസം സാധ്യതകൾക്ക് വലിയ മുതൽക്കൂട്ടായി മാറും.