പൊങ്കൽ ആഘോഷങ്ങളിലേക്ക് നഗരം; ഇന്ന് ബോഗി പൊങ്കൽ

Mail This Article
ചെന്നൈ∙കാർഷിക അഭിവൃദ്ധിക്കൊപ്പം ജീവിതത്തിൽ നന്മയും ഉയർച്ചയും വിളവെടുക്കുമെന്ന പ്രതീക്ഷയോടെ പൊങ്കൽ ആഘോഷത്തിലേക്ക് കടന്ന് തമിഴകം. പ്രത്യാശ നിറഞ്ഞ പുതിയ കാലത്തെ സ്വാഗതം ചെയ്യുന്നതിനായി പാഴ്‌വസ്തുക്കൾ കത്തിച്ച് സംസ്ഥാനം ഇന്ന് ബോഗി പൊങ്കൽ ആഘോഷിക്കും. തുടർന്ന് നാളെ തൈപ്പൊങ്കൽ, 15ന് മാട്ടുപ്പൊങ്കൽ, 16ന് കാണുംപൊങ്കൽ എന്നിങ്ങനെയായി ആഘോഷം നീളും. നാട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പം പൊങ്കൽ ദിനങ്ങൾ ചെലവഴിക്കാനായി ലക്ഷക്കണക്കിനു പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ നിന്നു യാത്ര ചെയ്തത്.
പ്രകൃതിയെ കാത്ത് ആഘോഷിക്കാം
പൊങ്കൽ ആഘോഷത്തിന്റെ വിളംബരമാണ് ബോഗി പൊങ്കൽ. പോയ കാലത്തിന്റെ തിന്മകളെയും ദുഃഖത്തെയും അകറ്റി പുതിയ കാലത്തെ വരവേൽക്കുന്നുവെന്നതാണ് ബോഗിയുടെ സങ്കൽപം. ഇതിന്റെ പ്രതീകമായാണ് പണ്ടു മുതലേ പാഴ്‌വസ്തുക്കൾ കത്തിക്കുന്നത്. പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരുന്നു കത്തിച്ചിരുന്നത്. ഇപ്പോൾ ടയർ, റബർ ട്യൂബ്, പ്ലാസ്റ്റിക് തുടങ്ങിയ വസ്തുക്കളാണു കത്തിക്കുന്നത്. ഇതേ തുടർന്ന് അന്തരീക്ഷത്തിൽ പുക വ്യാപിച്ച് വായു നിലവാരം മോശമാകുകയും വിമാന സർവീസ് തടസ്സപ്പെടുന്നതും അടുത്തിടെയായി ബോഗി ദിനത്തിൽ പതിവാണ്.
ടയർ, പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ കത്തിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും ചെന്നൈ കോർപറേഷനും ജനങ്ങളോട് അഭ്യർഥിച്ചു. പഴയ വസ്തുക്കൾ കത്തിക്കുന്നതിനു പകരം ശുചീകരണ തൊഴിലാളികൾക്ക് കൈമാറണമെന്ന് കോർപറേഷൻ നിർദേശിച്ചു. പുക മൂടി കാഴ്ച തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും രാവിലെയുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
ചെന്നൈ സംഗമത്തിന് ഇന്ന് തുടക്കം
പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കലാപരിപാടി ‘ചെന്നൈ സംഗമം–നമ്മ ഊരു തിരുവിഴ’ ഇന്ന് വൈകിട്ട് കിൽപോക് ഏകാംബരനാഥർ ക്ഷേത്ര മൈതാനത്ത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. 17 വരെ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പേർ സംഗീത, നൃത്തയിനങ്ങൾ അവതരിപ്പിക്കും. കരകാട്ടം, കാവടിയാട്ടം, തപ്പാട്ടം, ചിലമ്പാട്ടം തുടങ്ങി തമിഴ്നാടിന്റെ തനത് പരിപാടികളാണ് അവതരിപ്പിക്കുക. കേരളത്തിന്റെ സ്വന്തം കലാരൂപമായ തെയ്യം അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറും. മധുര, തിരുച്ചിറപ്പള്ളി, സേലം, തഞ്ചാവൂർ, തിരുനെൽവേലി, കാഞ്ചീപുരം, കോയമ്പത്തൂർ, വെല്ലൂർ എന്നീ നഗരങ്ങളിലും സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
നാട്ടിലേക്കൊഴുകി ലക്ഷങ്ങൾ
പൊങ്കൽ ആഘോഷത്തിനായി ചെന്നൈയിൽ നിന്നു സ്വദേശങ്ങളിലേക്കും മറ്റും സർക്കാർ ബസുകളിലും ട്രെയിനുകളിലുമായി കഴിഞ്ഞ 2 ദിവസങ്ങളിൽ യാത്ര ചെയ്തത് ആറര ലക്ഷത്തിലേറെ പേർ. കോയമ്പേട്, കിലാമ്പാക്കം, മാധവാരം എന്നിവിടങ്ങളിൽ നിന്നായി 2,092 സ്ഥിരം ബസുകൾ അടക്കം 14,000ലേറെ ബസുകൾ വീതമാണ് കഴിഞ്ഞ രണ്ടും ദിവസങ്ങളിലും പുറപ്പെട്ടത്. ഇതിനു പുറമേ സ്പെഷൽ ട്രെയിനുകൾ അടക്കം ഒട്ടേറെ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.സെൻട്രൽ, എഗ്‌മൂർ, താംബരം എന്നീ റെയിൽവേ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനറൽ കോച്ചുകളിൽ നിലത്തിരുന്നും ശുചിമുറിയിൽ നിന്നും യാത്രക്കാർ ട്രെയിനുകളിൽ സ്ഥലം പിടിച്ചു. ട്രെയിനുകളിൽ മാത്രം 2 ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്.