ആവേശത്തിരയിൽ വീരവിളയാട്ട്; ജല്ലിക്കെട്ടിന് മധുര അളങ്കാനല്ലൂരിൽ സമാപനം

Mail This Article
മധുര ∙ ആയിരങ്ങൾ ആർത്തിരമ്പുന്ന ഗാലറി. വാടിവാസലിനു മുന്നിൽ മസിലും പെരുപ്പിച്ച് കാളക്കൂറ്റന്മാരെ കാത്തിരിക്കുന്ന വീരന്മാർ. നാലുപേർ കയർ കെട്ടി നിയന്ത്രിക്കുന്ന കാള, മത്സരത്തിനു തയാർ. മുതുകിൽ പിടിത്തമിടാൻ ശ്രമിച്ച 3 പേരെ വായുവിലേക്കു പായിച്ച് കാള പാഞ്ഞതോടെ ആവേശം ഇരട്ടിയാക്കി ജനം. തമിഴകത്തിന്റെ വീരവിളയാട്ടായ ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങൾക്കു മധുര അളങ്കാനല്ലൂരിൽ ആവേശോജ്വല സമാപനം. ഇന്നലെ രാവിലെ 7നു തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്ത ജല്ലിക്കെട്ട് വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്.
9 റൗണ്ടുകളിലായി നടന്ന മത്സരത്തിൽ 989 കാളകൾ പോർക്കളത്തിലെത്തി. റജിസ്റ്റർ ചെയ്ത 1698 വീരന്മാരിൽ 400 പേർക്കാണു പങ്കെടുക്കാൻ അനുമതി ലഭിച്ചത്. 20 കാളകളെ പിടിച്ചടക്കി ഒന്നാം സ്ഥാനം നേടിയ മധുര സ്വദേശി അഭിജിത്തറിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സമ്മാനമായ കാർ നൽകി. കഴിഞ്ഞ വർഷവും ഇദ്ദേഹമായിരുന്നു ജേതാവ്. 13 കാളകളെ അടക്കിയ മധുര സ്വദേശി ശ്രീധറിന് ഓട്ടോറിക്ഷ സമ്മാനമായി ലഭിച്ചു. 10 കാളകളെ പിടിച്ച് മൂന്നാം സ്ഥാനത്തെത്തിയ വിഘ്നേഷിന് ബൈക്ക് ലഭിച്ചു. മത്സരത്തിനിടെ 76 പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 10 പേരെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘ബാഹുബലി’ ജേതാവ്
9 റൗണ്ടുകളിലും ആർക്കും പിടികൊടുക്കാതെ പാഞ്ഞ, സേലത്തു നിന്നെത്തിയ കാള ‘ബാഹുബലി’ക്കാണു മാടുകളിൽ ഒന്നാം സ്ഥാനം. സമ്മാനമായി ട്രാക്ടർ ലഭിച്ചു. രണ്ടാം സ്ഥാനം ലഭിച്ച കാളയുടെ ഉടമയ്ക്കു ബൈക്കും മൂന്നാം സ്ഥാനം ലഭിച്ച കാളയുടെ ഉടമയ്ക്ക് ഇലക്ട്രിക് ബൈക്കും സമ്മാനമായി ലഭിച്ചു. എല്ലാ കാളകളുടെയും ഉടമകൾക്കു സ്വർണനാണയവും നൽകി.
ജല്ലിക്കെട്ട്:തമിഴ്നാട്ടിൽ മരണം ആറായി
ചെന്നൈ ∙ ജല്ലിക്കെട്ട് മത്സരങ്ങൾക്കിടെ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. നൂറിലേറെ പേർക്ക് പരുക്കേറ്റു. അളങ്കാനല്ലൂർ ജല്ലിക്കെട്ടിൽ തേനി സ്വദേശിയാണു മരിച്ചത്. കാള ആൾക്കൂട്ടത്തിലേക്കു പാഞ്ഞു കയറി മറ്റൊരു തേനി സ്വദേശിക്കു ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം പാലമേട് ജല്ലിക്കെട്ടിനിടെ നെഞ്ചിൽ കുത്തേറ്റ് മധുര സ്വദേശി മരിച്ചിരുന്നു. കാളയെ ജനക്കൂട്ടത്തിലേക്ക് അഴിച്ചു വിടുന്ന മത്സരമായ മഞ്ചുവിരട്ടിനിടെയാണു ശിവഗംഗയിൽ നാലു പേർക്ക് ജീവൻ നഷ്ടമായത്.