ജല്ലിക്കെട്ട്, മഞ്ചുവിരട്ട് കാളയുടെ ആക്രമണത്തിൽ 6 മരണം; നൂറിലേറെ പേർക്ക് പരുക്ക്

Mail This Article
ചെന്നൈ ∙ പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജല്ലിക്കെട്ട്, മഞ്ചുവിരട്ട് മത്സരങ്ങൾക്കിടെ കാളയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇന്നലെ മധുര അളങ്കാനല്ലൂരിൽ നടന്ന ജല്ലിക്കെട്ടിൽ തേനി സ്വദേശി മരിച്ചു. വീരന്മാർക്കു (കാളയെ പിടികൂടുന്നവർ) പിടികൊടുക്കാതെ പാഞ്ഞ കാള ആൾക്കൂട്ടത്തിലേക്കു പാഞ്ഞുകയറി മറ്റൊരു തേനി സ്വദേശിക്കു ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം പാലമേട് ജല്ലിക്കെട്ടിൽ നെഞ്ചിൽ കുത്തേറ്റ് മധുര സ്വദേശിക്കു ജീവൻ നഷ്ടമായിരുന്നു.
ശിവഗംഗയിൽ ഇന്നലെ നടന്ന മഞ്ചുവിരട്ടിനിടെ 4 പേർ മരിച്ചു. 106 പേർക്ക് പരുക്കേറ്റു. കുളത്തിലേക്കു പാഞ്ഞ കാളയെ പിടിക്കാനുള്ള ശ്രമത്തിനിടെ താമര വള്ളി കഴുത്തിൽ കുരുങ്ങി ഉടമ രാജ മരിച്ചു. മത്സരം കാണുന്നതിനിടെ ഇരച്ചെത്തിയ കാളയുടെ കുത്തേറ്റ് സുബ്ബയ്യ, കുളന്തവേൽ എന്നിവരും നടന്നു പോകുകയായിരുന്ന മണിവേലും മരിച്ചു. ജല്ലിക്കെട്ടിൽ നിന്നു വ്യത്യസ്തമായി, കാളയെ ജനക്കൂട്ടത്തിലേക്ക് അഴിച്ചു വിടുന്ന മത്സരമാണ് മഞ്ചുവിരട്ട്.
മത്സരിക്കാനെത്തിയ വിദേശിക്ക് അയോഗ്യത
അളങ്കാനല്ലൂർ ജല്ലിക്കെട്ടിൽ മത്സരിക്കാനെത്തിയ അയർലൻഡ് സ്വദേശി ആന്റണി കോൺനാലിനെ (53) പ്രായക്കൂടുതൽ കാരണം അയോഗ്യനാക്കി. എല്ലാ വർഷവും ജല്ലിക്കെട്ട് കാണാനെത്താറുള്ള ആന്റണി, ഇത്തവണ പങ്കെടുക്കാനായി ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയിരുന്നു. എന്നാൽ ഇന്നലെ രാവിലെ നടന്ന പരിശോധനയിൽ, 53 വയസ്സായെന്ന കാരണത്താൽ മത്സരത്തിൽ നിന്ന് ഒഴിവാക്കി.
ഉദയനിധി കലക്ടറെ അപമാനിച്ചു: അണ്ണാമലൈ
അളങ്കാനല്ലൂർ ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്ത ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ മധുര കലക്ടർ എം.എസ്.സംഗീതയെ അപമാനിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചു. ഉദയനിധിയുടെ മകൻ ഇൻപദുരൈയുടെ സുഹൃത്തുക്കളെ വേദിയിൽ ഇരുത്തുന്നതിന് കലക്ടറെ എഴുന്നേൽപിച്ചതായാണ് ആരോപണം. മകന്റെ സുഹൃത്തുക്കൾക്കു വേണ്ടി വനിതാ കലക്ടറെ എഴുന്നേൽപ്പിച്ച സംഭവം, സംസ്ഥാനത്തെ ഇരുണ്ട കാലഘട്ടമായ 2006–2011 കാലത്തെ ഡിഎംകെ ഭരണത്തേക്കാൾ മോശമായ അധികാര ദുർവിനിയോഗമാണെന്നും ആരോപിച്ചു.
454 കോടിയുടെ മദ്യവിൽപന
പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തെ ടാസ്മാക് മദ്യക്കടകൾ വഴി വിറ്റഴിച്ചത് 454.11 കോടി രൂപയുടെ മദ്യം. 450 കോടിയുടെ മദ്യവിൽപനയായിരുന്നു കഴിഞ്ഞ വർഷം. ബോഗി പൊങ്കൽ ദിനമായ 13ന് 185.65 കോടിയുടെ മദ്യവും തൈപ്പൊങ്കൽ ദിനമായ 14ന് 268.46 കോടിയുടെ മദ്യവുമാണ് വിറ്റത്.