നയൻതാരയ്ക്കെതിരായ കേസ് റദ്ദാക്കില്ല; 5ന് പരിഗണിക്കും

Mail This Article
ചെന്നൈ ∙ നയൻതാര – വിഘ്നേഷ് ശിവൻ വിവാഹത്തിന്റെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷ് നൽകിയ പകർപ്പവകാശ ലംഘനക്കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്‌സിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ‘നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്ൽ’ എന്ന ഡോക്യുമെന്ററിക്കെതിരെ സ്റ്റേ ആവശ്യപ്പെട്ട് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ സമർപ്പിച്ച ഇടക്കാല അപേക്ഷ ഫെബ്രുവരി 5നു കോടതി പരിഗണിക്കുമെന്ന് ഹർജി തള്ളി ജസ്റ്റിസ് അബ്ദുൽ ഖുദ്ദോസ് അറിയിച്ചു.പകർപ്പവകാശമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണു കേസ്. വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ചില ഭാഗങ്ങൾ അനുമതിയില്ലാതെ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്നാണ് ആരോപണം. ധനുഷിനെതിരെ സമൂഹമാധ്യമങ്ങളിൽ നയൻതാര തുറന്ന കത്തെഴുതിയതും വിവാദമായിരുന്നു.