ഓട്ടോ ചാർജ് കൂട്ടുന്നത് സർക്കാർ പരിഗണനയിൽ

Mail This Article
ചെന്നൈ ∙ ഓട്ടോറിക്ഷ നിരക്ക് കൂട്ടുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് ഈടാക്കാനുള്ള ഓട്ടോ യൂണിയനുകളുടെ തീരുമാനത്തിനു പിന്നാലെയാണ് സർക്കാരിന്റെ അറിയിപ്പ്. പുതിയ നിരക്ക് ഈടാക്കാൻ യൂണിയനുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
1.8 കിലോമീറ്റർ വരെ 50 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ഈടാക്കാനാണ് ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകളുടെ തീരുമാനം. നിലവിൽ 25 രൂപയാണ് സർക്കാർ നിശ്ചയിച്ച കുറഞ്ഞ നിരക്ക്. ഇതു വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് നിരക്ക് സ്വയം പുതുക്കാൻ യൂണിയനുകൾ തീരുമാനിച്ചത്.
അതേസമയം ഊബർ, ഒല വെബ് ടാക്സികളുടെ ഭാഗമായി ഓടുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർ ഫെബ്രുവരി ഒന്നു മുതൽ സമരം പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം ദിവസേനയുള്ള നിശ്ചിത തുക മാത്രമേ കമ്പനി തങ്ങളിൽ നിന്ന് ഈടാക്കാവൂവെന്നും കമ്മിഷൻ ഈടാക്കരുതെന്നുമാണ് ഡ്രൈവർമാരുടെ ആവശ്യം.