പാളത്തിൽ വിള്ളൽ; എറണാകുളം–കാരെയ്ക്കൽ എക്സ്പ്രസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Mail This Article
ചെന്നൈ ∙ കരൂരിൽ റിട്ട. റെയിൽവേ ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് എറണാകുളം – കാരെയ്ക്കൽ എക്സ്പ്രസ് ട്രെയിൻ വൻ അപകടത്തിൽനിന്ന്് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൃഷ്ണരായപുരത്തിനു സമീപം തിരുക്കംപുലിയൂരിൽ പാളത്തിൽ വിള്ളലുണ്ടായത് പ്രദേശവാസിയായ മുൻ റെയിൽവേ ജീവനക്കാരൻ കാളിയമൂർത്തിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എറണാകുളം – കാരെയ്ക്കൽ എക്സ്പ്രസ് എത്തുന്നതിന് ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കുന്നതു മനസ്സിലാക്കിയ ഇദ്ദേഹം ഉടൻ തന്നെ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു.
ഇതേത്തുടർന്ന് വിള്ളലുണ്ടായതിന് 100 മീറ്റർ അകലെ, ജീവനക്കാർ ചുവപ്പുകൊടി കാണിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ഇതുവഴി പോകേണ്ടിയിരുന്ന വാസ്കോഡഗാമ–വേളാങ്കണ്ണി എക്സ്പ്രസ്, കരൂർ–ട്രിച്ചി എക്സ്പ്രസ് തുടങ്ങിയവയും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിനുകൾ യാത്ര തുടർന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ പറഞ്ഞു.