പിങ്ക് ഓട്ടോ: സംസ്ഥാനത്താകെ 250 എണ്ണം; രാത്രിയാത്ര സുരക്ഷിതം

Mail This Article
ചെന്നൈ∙ നഗരത്തിലെ സ്ത്രീകൾക്കു കൂടുതൽ സുരക്ഷിതത്വം ഉറപ്പുനൽകി നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകൾ എത്തി. സ്ത്രീകൾ ഓടിക്കുന്ന 100 ഓട്ടോകളാണ് സാമൂഹിക നീതി, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയത്. സംസ്ഥാനത്താകെ 150 ഓട്ടോകൾ കൂടി വരും ദിവസങ്ങളിൽ പുറത്തിറക്കും. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന വനിതാ ദിനാഘോഷത്തിനിടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്തു.
സുരക്ഷ കൂടും, ഒപ്പം വരുമാനവും സൗകര്യവും
സ്ത്രീകൾക്കു സ്വന്തമായി വരുമാനം ലഭിക്കാനും അവരെ സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ടാണു പിങ്ക് ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. ഏകദേശം ഒരു വർഷത്തോളം നീണ്ട നടപടികൾക്കു ശേഷമാണ് പദ്ധതി യാഥാർഥ്യമായത്. സ്ത്രീകൾക്കുള്ള ഡ്രൈവിങ് പരിശീലനം നേരത്തേ നൽകിയിരുന്നു. വാഹനം വാങ്ങുന്നതിനുള്ള തുകയുടെ ഒരു വിഹിതം സർക്കാർ നൽകി, ബാക്കി തുക കണ്ടെത്തുന്നതിനു ബാങ്ക് വായ്പാ സൗകര്യവും ഒരുക്കി.റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്കു സമീപം രാത്രി സമയങ്ങളിലും ഓട്ടോ സേവനം ലഭിക്കും.
എല്ലാ ഓട്ടോയിലും ജിപിഎസ് സംവിധാനമുള്ളതിനാൽ എപ്പോഴും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകും. മുഴുവൻ ഓട്ടോകളിലും മീറ്റർ നിരക്കാണ് ഈടാക്കുക. അതേസമയം ഓല, ഊബർ മാതൃകയിൽ യാത്ര ബുക്ക് ചെയ്യുന്നതിന് ആപ്പ് പുറത്തിറക്കുന്ന നടപടികളും സർക്കാർ ആരംഭിച്ചു. ആപ്പിലെ തുക മാത്രമേ യാത്രക്കാർ നൽകേണ്ടതുള്ളൂവെന്നും കമ്മിഷന്റെയും മറ്റും പേരിൽ അധിക തുക നൽകേണ്ടി വരില്ലെന്നും സാമൂഹിക ക്ഷേമ മന്ത്രി ഗീതാ ജീവൻ പറഞ്ഞു.
അടിയന്തര സഹായം തേടാൻ ക്യുആർ കോഡ്
യാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിലെ പൊതുഗതാഗത വാഹനങ്ങളിൽ ക്യുആർ കോഡ് സംവിധാനം ആരംഭിച്ചു. ഓട്ടോറിക്ഷ, ഷെയർ ഓട്ടോ, കാബ്, റെന്റൽ കാർ എന്നിവയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തര ഘട്ടങ്ങളിൽ പൊലീസിനെ ബന്ധപ്പെടുന്നതിനാണു ഡ്രൈവറുടെ സീറ്റിന്റെ പിന്നിലായി ക്യുആർ കോഡ് സ്ഥാപിച്ചത്. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഓട്ടോയിൽ ക്യുആർ കോഡ് പതിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കോഡ് സ്കാൻ ചെയ്യുകയും സമീപത്തുള്ള എസ്ഒഎസ് ബട്ടൻ അമർത്തുകയും ചെയ്താൽ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കും. വാഹനത്തിന്റെ തൽസമയ ലൊക്കേഷൻ, ഡ്രൈവറുടെ വിവരം, ഉടമയുടെ വിവരം എന്നിവ പൊലീസിനു ലഭിക്കും. അടിയന്തര സഹായത്തിന് 112 എന്ന എമർജൻസി ഹെൽപ് ലൈനിലും യാത്രക്കാർക്കു പൊലീസിനെ ബന്ധപ്പെടാം.