ഭർത്താവിന്റെ വിയോഗത്തിലും തളർന്നില്ല; സോണിക്ക് ഇനി സൈന്യത്തിന്റെ കരുത്ത്

Mail This Article
ചെന്നൈ∙ അപ്രതീക്ഷിതമായി തനിച്ചാക്കി പോയ ഭർത്താവിന്റെ സ്വപ്നം കഠിനാധ്വാനത്തിലൂടെ സഫലമാക്കിയ ഉത്തരാഖണ്ഡ് സ്വദേശിനി ലെഫ്.സോണി ബിഷ്ത് അടക്കം 169 സൈനിക ഓഫിസർമാർ ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ (ഒടിഎ) വിജയകരമായി പരിശീലനം പൂർത്തിയാക്കി. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് സോണിയുടെ ഭർത്താവും മുൻ സൈനിക ഉദ്യോഗസ്ഥനുമായ നീരജ് സിങ് ഭണ്ഡാരി അപകടത്തിൽ കൊല്ലപ്പെട്ടത്.
‘വീർ നാരി’ സാധ്യത ഉപയോഗപ്പെടുത്തിയാണ് സോണി, കരസേനയിലെത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ എസ്എസ്ബി പരീക്ഷ വിജയിച്ചു. ജോലിയോടുള്ള തന്റെ ഭർത്താവിന്റെ സമർപ്പണവും ആത്മാർഥതയുമാണു തനിക്കും പ്രചോദനമായതെന്നു സോണി പറഞ്ഞു. കുടുംബാംഗങ്ങളും സോണി ബിഷ്തിന്റെ നേട്ടം ആഘോഷിക്കാൻ ചെന്നൈയിലെത്തിയിരുന്നു. സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 12 പേരും പരിശീലനം പൂർത്തിയാക്കിയവരിലുണ്ട്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ചീഫ് ലഫ്റ്റനന്റ് ജനറൽ ജോൺസൺ പി.മാത്യുവാണു പരേഡ് പരിശോധിച്ചത്.