ഗ്രീൻമാറ്റ്: കൂടുതൽ സിഗ്നലുകളിൽ തണൽപന്തൽ

Mail This Article
ചെന്നൈ∙വേനൽ കടുക്കുമെന്ന മുന്നറിയിപ്പുകൾക്കു പിന്നാലെ കൊടുംചൂടിനെ നേരിടാൻ പ്രധാന ട്രാഫിക് സിഗ്‌നലുകളിൽ ഇക്കുറിയും ഗ്രീൻ മാറ്റുകൾ സ്ഥാപിച്ച് തണലൊരുക്കുമെന്ന് ചെന്നൈ കോർപറേഷൻ അറിയിച്ചു. ചൂടു കൂടുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ 30 സെക്കൻഡിലധികം സിഗ്‌നലുകളിൽ കാത്തു നിൽക്കുന്നത് അസഹ്യമായ അവസ്ഥയാണ്. ഇരുചക്ര വാഹന യാത്രക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 14 ഇടങ്ങളിൽ
ആദ്യ ഘട്ടത്തിൽ 14 സിഗ്നലുകളിൽ സ്ഥാപിക്കുന്ന ഗ്രീൻ മാറ്റുകൾ ആവശ്യമെന്നു കണ്ടാൽ കൂടുതൽ സിഗ്‌നലുകളിലേക്കു വ്യാപിപ്പിക്കും. സോണൽ ഓഫിസർമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് മുൻഗണനാക്രമത്തിലാകും പദ്ധതി നടപ്പാക്കുകയെന്നും ഗുണമേന്മ കൂടിയ മാറ്റുകളാണ് ഉപയോഗിക്കുകയെന്നും ഡപ്യൂട്ടി മേയർ എം.മഹേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം വേനലിൽ 10 സിഗ്‌നലുകളിൽ ഗ്രീൻ മാറ്റ് ഒരുക്കിയിരുന്നു. അന്നത്തെ 3 മീറ്റർ വീതിയും 50 മീറ്റർ നീളവുമുള്ള മാറ്റുകൾക്കു പകരം ഇക്കുറി കൂടുതൽ വലുപ്പമുള്ളവ വേണമെന്നാണു യാത്രക്കാരുടെ ആവശ്യം. മാറ്റുകളുടെയും ഇവ സ്ഥാപിക്കാനുള്ള തൂണുകളുടെയും നിലവാരം കൂട്ടണമെന്നും 20 സിഗ്‌നലുകളിലെങ്കിലും ഇവ വേണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ചിലയിടങ്ങളിൽ മാറ്റുകൾ കീറിപ്പോകുകയും തൂണുകൾ മറിഞ്ഞു വീഴുകയും ചെയ്തിരുന്നു.
താപനില 3 ഡിഗ്രി ഉയർന്നേക്കാം
ഏതാനും ദിവസത്തിനുള്ളിൽ നഗരത്തിലെ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് 12നും 3നുമിടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാർച്ച് ആദ്യ വാരത്തിൽ തന്നെ നഗരത്തിലെ താപനില 37 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. സാധാരണ 34 ഡിഗ്രി ആയിരുന്നിടത്താണിത്.ഇതിനു മുൻപ് 2009ലാണ് മാർച്ച് ആദ്യവാരത്തിൽ താപനില 37 ഡിഗ്രിയിലേക്ക് ഉയർന്നത്.