ചെന്നൈ നഗരത്തിലെ റോഡ്, നടപ്പാത: നിലവാരം എഐ സഹായത്തോടെ പഠിക്കും

Mail This Article
ചെന്നൈ ∙ നഗരത്തിലെ റോഡുകളുടെയും നടപ്പാതകളുടെയും നിലവാരം നിർമിതബുദ്ധി (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ചു നിരീക്ഷിക്കാനുള്ള നടപടികളുമായി കോർപറേഷൻ. അടിക്കടി തകരുന്ന റോഡുകളും വർധിക്കുന്ന റോഡപകടങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തടയുകയാണു ലക്ഷ്യം. കോർപറേഷന്റെ നീക്കങ്ങൾ യാഥാർഥ്യമായാൽ, അധികം വൈകാതെ തന്നെ നഗരവാസികൾക്കു നല്ല റോഡുകളിൽ ആശങ്കയില്ലാതെ വാഹനം ഓടിക്കാം. പഠനം നടത്തുന്നതിനായി കോർപറേഷൻ കരാർ ക്ഷണിച്ചു.
അടിമുടി ആധുനികം
ഗതാഗത നിയമ ലംഘകരെ കണ്ടെത്താൻ എഐ നിരീക്ഷണ ക്യാമറകൾ ഏറെയുള്ള നഗരത്തിൽ റോഡിന്റെ പ്രശ്നങ്ങൾ കണ്ടെത്താനും ഇനി എഐ സഹായിക്കും. 419 കിലോമീറ്റർ ബസ് റൂട്ടുകളുടെയും 100 കിലോമീറ്റർ നടപ്പാതകളുടെയും നിലവാരമാണ് എഐ സംവിധാനത്തോടെ വിലയിരുത്തുക. റോഡിലെ കുഴികൾ, അശാസ്ത്രീയ വളവുകളും നിർമാണവും, കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്പോട്ടുകൾ തുടങ്ങി റോഡ് യാത്ര സുരക്ഷിതമാക്കാനുള്ള പഠനമാണു നടത്തുക. ഈ മാസാവസാനം മുതൽ മേയ് വരെയും നവംബർ മുതൽ 2026 ജനുവരി വരെയുമാണ് പഠനം നടത്തുക.
സ്മാർട്ട് ഫോൺ, ക്യാമറ എന്നിവ ഉപയോഗിച്ച് റോഡുകളുടെ വിഡിയോ ഡേറ്റ ശേഖരിച്ച് എഐ ആൽഗരിതത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യും. തുടർന്ന് ജിഐഎസ് പ്ലാറ്റ്ഫോമിൽ മാപ്പിങ് ചെയ്ത് ചിത്രങ്ങൾ, ചാർട്ട്, ഗ്രാഫ് എന്നിവ കൂടി ഉൾപ്പെടുത്തി അധികൃതർക്കു മുന്നിൽ അവതരിപ്പിക്കും. റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടികളിലേക്കു കടക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിൽ മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് റോഡ് നവീകരണം നടത്താറുണ്ടെങ്കിലും അധികം വൈകാതെ കുണ്ടും കുഴിയും രൂപപ്പെടുന്നതാണു പതിവ്. ശരിയായ രീതിയിൽ പ്രവൃത്തികൾ നടത്താത്തതിനാലാണ് ഇതു സംഭവിക്കുന്നതെന്നാണു പൊതുവേയുള്ള പരാതി.
അടിപ്പാത നവീകരണം ഉടൻ
ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന അടിപ്പാത നവീകരണം ഉടൻ ആരംഭിക്കും. ഏറെ വാഹനങ്ങൾ കടന്നുപോകുന്ന ദുരൈസാമി അടിപ്പാത, നുങ്കംപാക്കം അടിപ്പാത, മാഡ്‌ലി അടിപ്പാത എന്നിവ അടക്കമാണു നവീകരിക്കുക. നിശ്ചയിച്ചതിലും 8 മാസം വൈകിയാണു നവീകരണം നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ മഴക്കാലത്തിനു മുൻപു പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് കോർപറേഷൻ അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ഇതേത്തുടർന്നു കടുത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മോട്ടർ പമ്പ് ഉപയോഗിച്ചു വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും മഴ കനത്ത ദിവസങ്ങളിൽ ഗതാഗതം നിരോധിച്ചിരുന്നു.