പെന്തക്കോസ്ത് മിഷൻ കൺവൻഷൻ 12 മുതൽ
Mail This Article
ചെന്നൈ ∙ ദ് പെന്തക്കോസ്ത് മിഷൻ സഭകളുടെ ആത്മീയ സംഗമമായ ചെന്നൈ കൺവൻഷൻ 12 മുതൽ 16 വരെ താംബരത്തു നടക്കും. ദിവസവും രാവിലെ 4നു സ്‌തോത്രാരാധന, 7നു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം. ഉച്ചകഴിഞ്ഞ് 3നും രാത്രി 10നും കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും. വൈകിട്ട് 6നു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം, ദൈവിക രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും. വിവിധ യോഗങ്ങളിൽ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു, ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്, അസോ.ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും. കൺവൻഷനു മുന്നോടിയായി 11ന് ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ രാവിലെ ആരംഭിക്കുന്ന ശുശ്രൂഷക സമ്മേളനം 12നു ഉച്ചയോടെ സമാപിക്കും.
17നു രാവിലെ സഭയുടെ വാർഷിക ജനറൽബോഡി. വൈകിട്ടു പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കും. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന നടക്കും. കുട്ടികൾക്കു വിവിധ ആത്മീയ പരിപാടികളുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കുന്നുണ്ടെന്നു മിഷൻ പ്രവർത്തകർ അറിയിച്ചു.